ഊർജ്ജസംരക്ഷണ സന്ദേശം ചിത്രങ്ങളാക്കി വിദ്യാർത്ഥികൾ

Wednesday 01 February 2023 12:31 AM IST

ആലപ്പുഴ: ഊർജ്ജ സംരക്ഷണത്തിന്റെ സന്ദേശങ്ങൾ ചിത്രങ്ങളായും എഴുത്തുകളായും മതിലിൽ കോറിയിട്ട് മാതൃകയാവുകയാണ് ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാരിന്റെ ഊർജ്ജ കിരൺ പദ്ധതിയുടെ ഭാഗമായാണ് എനർജി മാനേജ്‌മെന്റ് സെന്റർ, സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്പമെന്റ്, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി എന്നിവയുടെ സഹകരണത്തോടെ വിദ്യാർത്ഥികൾ കാമ്പയിൻ സംഘടിപ്പിച്ചത്.

സെന്റ് ജോസഫ്‌സ് വനിതാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്, ജോസഫിയൻ എനർജി ക്ലബ്, കോളേജ് യൂണിയൻ എന്നിവ സംയുക്തമായാണ് മുഹമ്മദൻസ് ബോയ്‌സ് സ്‌കൂളിന്റെ മതിലിലും, ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാൻഡിലും ചുവർ ചിത്രങ്ങൾ ഒരുക്കിയത്. ഇരുപത്തിയഞ്ചോളം വിദ്യാർത്ഥികൾ ശനിയാഴ്ച്ച മുതൽ മൂന്ന് ദിവസം തുടർച്ചയായി പ്രവർത്തിച്ചാണ് ചുവർ ചിത്രങ്ങൾ പൂർത്തിയാക്കിയത്. മുഹമ്മദൻസ് സ്കൂളിന്റെ ചുറ്റുമതിലും, സ്വകാര്യ ബസ് സ്റ്റാൻഡുമാണ് കാമ്പയിന് വേണ്ടി നഗരസഭ വിദ്യാ‌ത്ഥികൾക്ക് അനുവദിച്ചത്. ഇതിൽ സ്കൂൾ മതിലിൽ ചിത്രങ്ങളും ബസ് സ്റ്റാൻഡിൽ ബാനറുമാണ് ഒരുക്കിയത്.