ശ്രീലങ്കൻ കൃഷി വിദഗ്ദ്ധർ പോഷക വനം സന്ദർശിച്ചു

Tuesday 31 January 2023 11:36 PM IST
ശ്രീലങ്കൻ വിദഗ്ദ്ധർ പോഷകത്തോട്ടം സന്ദർശിച്ചപ്പോൾ

തൃശൂർ: കേരളത്തിലെ പോഷക വനങ്ങളും ഫലവൃക്ഷ സമ്പന്നമായ വീട്ടുവളപ്പും ശ്രീലങ്കൻ കൃഷി വിദഗ്ദ്ധർ സന്ദർശിച്ചു. അന്താരാഷ്ട്ര അഗ്രോ ഫോറസ്ട്രി ഗവേഷണ സ്ഥാപനത്തിന്റെയും കാർഷിക സർവകലാശാലയിലെ ഫോറസ്ട്രി കോളേജിന്റെയും ആഭിമുഖ്യത്തിലായിരുന്നു സന്ദർശനം. ശ്രീലങ്ക മഹാവലി അതോറിട്ടി അസിസ്റ്റന്റ് ഡയറക്ടർ (അഗ്രികൾച്ചർ) വിതുര പിയവർദ്ധന, ന്യൂഡൽഹി ഐ.സി.ആർ.എ.എഫിലെ ഡോ.അക്വീൽ ഹസൻ റിസ്‌വി എന്നിവരാണ് പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്ന ഫലവൃക്ഷാധിഷ്ഠിത കൃഷി രീതികളെ കുറിച്ച് പഠിക്കാനെത്തിയത്.

കാർഷിക സർവകലാശാല പ്രൊഫസർ ഡോ.ജ്യോതി ഭാസ്‌കറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ന്യൂട്രി ഗാർഡൻ, പാലക്കാട് ശ്രീകൃഷ്ണപുരത്തെ സുസ്ഥിര ഭക്ഷ്യവനം പദ്ധതി (റെജി ജോസഫ്), തൃശൂരിലെ ഫ്രാൻസിസ് താടിക്കാരന്റെ ഉടമസ്ഥതയിലുള്ള ഫലവൃക്ഷത്തോട്ടം (താടിക്കാരൻ നഴ്‌സറി), കെ.എ കുട്ടന്റെ പുരയിടക്കൃഷി എന്നിവ സന്ദർശിച്ചു. ഫോറസ്ട്രി കോളേജ് ഡീൻ ഡോ.അനൂപ്, അസോസിയേറ്റ് ഡയറക്ടർ ഡോ.കുഞ്ഞാമു, ഡോ.ജമാലുദ്ദിൻ എന്നിവരുമായി ചർച്ച നടത്തി.