ജില്ലയിൽ 1209 റേഷൻകട തല വിജിലൻസ് കമ്മിറ്റികൾ

Wednesday 01 February 2023 1:43 AM IST
റേഷൻകട

ആലപ്പുഴ: റേഷൻകട തലത്തിൽ വരുന്ന പരാതികൾ പരിഹരിക്കാൻ നഗരസഭകളിലും പഞ്ചായത്ത് തലത്തിലുമായി ജില്ലയിൽ 1209 വിജിലൻസ് കമ്മിറ്റികൾ രൂപീകരിച്ചു. ജില്ലാതല പരാതി പരിഹാര ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം. നഗരസഭയിൽ ചെയർമാനും പഞ്ചായത്ത് തലത്തിൽ പ്രസിഡന്റും ചെയർമാനായും റേഷനിംഗ് ഇൻസ്പെക്ടർ കൺവീനറുമായിട്ടാണ് വിജിലൻസ് കമ്മിറ്റികൾ രൂപം നൽകിയത്. ഭക്ഷ്യ സുരക്ഷ നിയമം 2013 പ്രകാരം നേരിട്ട് റേഷൻ കടകളെ സംബന്ധിച്ചുള്ള പരാതികൾ സ്വീകരിക്കുന്നതിനാണ് റേഷൻ കടതല വിജിലൻസ് കമ്മിറ്റി രൂപവത്ക്കരിച്ചത്.

സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം അഡ്വ. സബിത ബീഗം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ താലൂക്ക് സപ്ലൈ ഓഫീസർമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഡി.എം. എസ്.സന്തോഷ് കുമാർ, ജില്ല സപ്ലൈ ഓഫീസർ ടി.ഗാനാദേവി, ഫുഡ് ആൻഡ് സേഫ്റ്റി അസി. കമ്മീഷണർ രഘുനാഥക്കുറുപ്പ്, വി.ടി.ബിമൽ, ജോസ്മി ജോസഫ്, താലൂക്ക് സപ്ലൈ ഓഫീസർമാർ, റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.