ഉയരുന്ന ഇസ്രയേൽ-പാലസ്തീൻ സംഘർഷം: സമാധാനം പുലർത്തണമെന്ന് യു.എസ്  യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ നേതാക്കളെ സന്ദർശിച്ചു

Wednesday 01 February 2023 12:02 AM IST

ജറുസലേം: വെസ്റ്റ് ബാങ്കിൽ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ സേന നടത്തിയ റെയ്ഡിൽ പത്ത് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ജറുസലേമിലുണ്ടായ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടതോടെ ഉടലെടുത്ത ഇസ്രയേൽ-പാലസ്തീൻ ബന്ധം വഷളാകുന്ന സാഹചര്യത്തിൽ സമാധാനം പുലർത്തണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ അഭ്യർത്ഥിച്ചു.

ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിൽ നിരവധി സന്ദർഭങ്ങളിൽ അമേരിക്ക മദ്ധ്യസ്ഥത വഹിച്ചിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും പാലസ്തീൻ നേതാവ് മഹ്‌മൂദ് അബ്ബാസുമായും ബ്ളിങ്കൻ ചർച്ച നടത്തി.

മിഡിൽ ഇൗസ്റ്റ് സന്ദർശനത്തിന് തുടക്കമിട്ട് ഇൗജിപ്റ്റിലെത്തിയ അദ്ദേഹം പ്രസിഡന്റ് അബ്ദുൽ ഫത്തേ അൽ സിസിയുമായും വിദേശകാര്യമന്ത്രിയുമായും ചർച്ച നടത്തിതിന് ശേഷമാണ് ഇസ്രയേലിലെയും പാലസ്തീൻ അതിർത്തിയിലെയും സന്ദർശനത്തിനായി തിരിച്ചത്.

വെള്ളിയാഴ്ച ജറുസലേമിൽ സിനഗോഗിന് പുറത്തുള്ള കെട്ടിടത്തിൽ നടന്ന ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് കടുത്ത നടപടികൾക്ക് ഇസ്രയേൽ ക‌ടക്കുകയാണെന്ന റിപ്പോർട്ടുണ്ട് .

വെസ്റ്റ്ബാങ്കിൽ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ പട്ടാളം നടത്തിയ റെയ്ഡിനിടെ 10 പേർ കൊല്ലപ്പെട്ടതിന് പിറ്റേന്നായിരുന്നു ജറുസലേമിലെ ആക്രമണം.

അഭയാർത്ഥി ക്യാമ്പിൽ നടന്നത് ഇസ്ളാമിക തീവ്രവാദികളെ ലക്ഷ്യമിട്ട് നടത്തിയ റെയ്ഡായിരുന്നുവെന്ന് ഇസ്രയേൽ വ്യക്തമാക്കി.

സിനഗോഗിൽ നടന്ന ആക്രമണത്തെ തുടർന്ന് ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീവ്രവാദികൾക്കെതിരെ കടുത്ത നടപടികൾ നെതന്യാഹു വ്യക്തമാക്കിയിരുന്നു. തീവ്രവാദികളെ പിന്തുണ നൽകുന്ന കുടുംബങ്ങൾക്കെതിരെയും നടപടിയെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് ഇടിച്ചു നിരത്തുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാവും. കൂടാതെ സാമൂഹ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ട തീവ്രവാദികളുടെ കുടുംബാംഗങ്ങളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. ഇസ്രയേൽ പൗരൻമാർക്ക് തോക്ക് കൊണ്ടുനടക്കാനുള്ള ലൈസൻസ് നടപടിക്രമങ്ങൾ ലളിതമാക്കാനും നടപടികളെടുക്കും.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായ കനത്ത ആക്രമണങ്ങളെ തങ്ങൾ അപലപിക്കുന്നതായി ആന്റണി ബ്ളിങ്കൺ അൽ അറേബ്യ ചാനലിനോട് പറഞ്ഞു. കെയ്റോയിൽ നടന്ന പ്രസ് മീറ്റിൽ എല്ലാ പാർട്ടികളും സമാധാനം പാലിക്കണമെന്നും പ്രശ്നം വഷളാവാൻ ഇടയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസവും ഇസ്രയേലി സേന വെസ്റ്റ് ബാങ്കിൽ പാലസ്തീൻകാരനെ വെടിവച്ചുകൊന്നതായി പാലസ്തീൻ ആരോഗ്യ വകുപ്പ് മന്ത്രാലയ വക്താവ് അറിയിച്ചു. ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന 35-ാമത്തെ പാലസ്തീൻകാരനാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാന് ആണവായുധങ്ങൾ ലഭ്യമാക്കരുത്: നെതന്യാഹു

ആന്റണി ബ്ളിങ്കനുമായുള്ള ചർച്ചയിൽ നെതന്യാഹു കൂടുതൽ നേരം സംസാരിച്ചത് ഇറാനെക്കുറിച്ചായിരുന്നു എന്നാണ് റിപ്പോർട്ട് ''ഞങ്ങളുടെ നയം മാത്രമല്ല എന്റെയും നയം ഇസ്രയേലിന്റെ എല്ലാ ശക്തിയുമുപയോഗിച്ച് ഇറാൻ ആണവായുധം കരസ്ഥമാക്കുന്നതിനെയും അവർക്ക് നൽകുന്നതിനെയും ചെറുക്കുകയും എന്നുള്ളതാണ്."" എന്ന് നെതന്യാഹു പറഞ്ഞു.

Advertisement
Advertisement