അരങ്ങുണരാൻ നാലു ദിനങ്ങൾ: ഇറ്റ്‌ഫോക്ക് ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി

Wednesday 01 February 2023 12:29 AM IST

തൃശൂർ: ഒന്നിക്കണം മാനവികത എന്ന പ്രമേയത്തിലൂന്നി സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തെ വരവേൽക്കാൻ ജില്ലയൊരുങ്ങി. അഞ്ച് മുതൽ 14 വരെ തൃശൂരിൽ നടക്കുന്ന ഇറ്റ്‌ഫോക്കിന്റെ അവസാന വട്ട ഒരുക്കങ്ങൾ മന്ത്രി സജി ചെറിയാൻ വിലയിരുത്തി. പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളായ കലാമണ്ഡലം, സാഹിത്യ അക്കാഡമി, ലളിതകലാ അക്കാഡമി, സംഗീത നാടക അക്കാഡമി എന്നിവയെ ഏകോപിപ്പിച്ച് ഒരു അന്തർദേശീയ ഫെസ്റ്റിന് അടുത്ത വർഷം ജില്ല വേദിയാകുമെന്ന് മന്ത്രി അറിയിച്ചു.

അവലോകന യോഗത്തിൽ കേരള സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷനായി. സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, ലളിതകലാ അക്കാഡമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ, പ്രോഗ്രാം ഓഫീസർ വി.കെ. അനിൽ കുമാർ, പി.ആർ. പുഷ്പവതി, വി. ശശികുമാർ എന്നിവർ പങ്കെടുത്തു.

വേദികൾ ഇങ്ങനെ പാലസ് റോഡ് ഫെബ്രുവരി 5 മുതൽ 14 വരെയുള്ള ദിനങ്ങൾ ഇറ്റ്‌ഫോക്ക് അവന്യൂയായും മന്ത്രി പ്രഖ്യാപിച്ചു. ഓഡിയോ വിഷ്വൽ പെർഫോമൻസായ ഡോൺണ്ട് ബിലീഫ് മി ഇഫ് ഐ ടോക്ക് റ്റു യൂ ഒഫ് വാർ അടക്കമുള്ള അവതരണങ്ങൾ ഇവിടെ നടക്കും. കെ.ടി. മുഹമ്മദ് തീയേറ്റർ, ബ്ലാക്ക് ബോക്‌സ്, ആക്ടർ മുരളി തിയേറ്റർ, രാമനിലയം ബാക്ക് യാർഡ്, പവലിയൻ തീയേറ്റർ, ആർട്ടിസ്റ്റ് സുജാതൻ സീനിക്ക് വേദി എന്നിവയാണ് മറ്റു വേദികൾ.