മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

Wednesday 01 February 2023 12:33 AM IST
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു

ഗുരുവായൂർ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സന്ദർശനം. പത്‌നി സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ്, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമെത്തിയ മുൻ രാഷ്ട്രപതിയെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പൊന്നാടയണിയിച്ചു. കസവ് മുണ്ടും വേഷ്ടിയുമണിഞ്ഞാണ് അദ്ദേഹം ക്ഷേത്ര ദർശനത്തിനെത്തിയത്.

മേൽപ്പത്തൂർ ആഡിറ്റോറിയത്തിലും കിഴക്കേ നടയിലും നിന്നിരുന്ന ഭക്തജനങ്ങളെ കൈകൂപ്പി അഭിവാദ്യം ചെയ്തു. കൊടിമര ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുത ശേഷം നാലമ്പലത്തിൽ പ്രവേശിച്ചു. സോപാനപടിയിൽ നിന്ന് ഭഗവാനെ തൊഴുത് പ്രാർത്ഥിച്ച് കാണിക്ക സമർപ്പിച്ചു. ദർശനം പൂർത്തിയാക്കി കൊടിമരച്ചുവട്ടിലെത്തിയ മുൻ രാഷ്ട്രപതിക്കും കുടുംബത്തിനും ദേവസ്വം ചെയർമാൻ പ്രസാദ കിറ്റ് നൽകി. ദേവസ്വത്തിന്റെ ഉപഹാരമായി ചുമർചിത്രം ഭരണ സമിതി അംഗം കെ.ആർ.ഗോപിനാഥ് കൈമാറി.

ഗജരാജൻ ഗുരുവായൂർ കേശവനും പാപ്പാനായി ശ്രീഗുരുവായൂരപ്പനും നിൽക്കുന് ചുമർച്ചിത്രമാണ് നൽകിയത്. തുടർന്ന് ചെയർമാൻ ദേവസ്വം ഡയറി സമ്മാനിച്ചു. 'ആശ്ചര്യകരം ' എന്നായിരുന്നു അദ്ദേഹത്തിന്റെ ദർശന ശേഷമുള്ള പ്രതികരണം. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ചാലക്കുടിയിൽ നിന്നും റോഡ് മാർഗ്ഗമാണ് ഗുരുവായൂരിലെത്തിയത്. മമ്മിയൂർ ക്ഷേത്രദർശനത്തിന് ശേഷമായിരുന്നു ഗുരുവായൂരിലെത്തിയത്. ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ.ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി.മനോജ് കുമാർ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.