മികവിന്റെ പാതയിൽ ആയുർവേദ ഹോമിയോ ഡിസ്‌പെൻസറികൾ
തൃശൂർ: ആയുഷ് മേഖലയിൽ നടപ്പിലാക്കി വരുന്ന ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ വഴി ആയുർവേദ ഹോമിയോ ഡിസ്‌പെൻസറികൾ മികവിന്റെ പാതയിലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്. ഡിസ്‌പെൻസറികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നാഷണൽ ആയുഷ് മിഷൻ വഴി ഓരോ സ്ഥാപനത്തിനും അഞ്ച് ലക്ഷം രൂപ വീതം നൽകി വരുന്നത് പൂർത്തിയാക്കുകയാണെന്നും യോഗാ പരിശീലകരുടെ നിയമനവും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ ആയുഷ് മിഷൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ റിവ്യൂ മീറ്റിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്കുള്ള ലാപ്‌ടോപ് വിതരണത്തിന്റെ ഉദ്ഘാടനവും പൊതുജനങ്ങൾക്കുള്ള ലഘുലേഖയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. പി.ആർ. സലജകുമാരി അദ്ധ്യക്ഷയായി. നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. എം.എസ്. നൗഷാദ്, പൂത്തോൾ ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. പി.ജി. ബിജു, ഡോ. എസ്. ശാലിനി എന്നിവർ സംസാരിച്ചു.