പെഷവാറിലെ സ്ഫോടനം: മരണം 100 ആയി, പരിക്കേറ്റവർ 220 ചാവേറിന്റെ തല സ്ഫോടനസ്ഥലത്ത് നിന്ന് കണ്ടെത്തി
ഇസ്ലാമബാദ് : പാകിസ്ഥാനിലെ പെഷവാറിൽ മുസ്ലിം പള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി. 220 പേർ ചികിത്സയിലുണ്ടെന്നും 57 പേരുടെ നില ഗുരുതരമാണെന്നും ആശുപത്രി വക്താവ് മുഹമ്മദ് അസീം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാൻ ( തെഹ്‌രീക് - ഇ - താലിബാൻ പാകിസ്ഥാൻ - ടി.ടി.പി) ഏറ്റെടുത്തിരുന്നെങ്കിലും ഇന്നലെ വൈകിട്ടോടെ തങ്ങളല്ല സ്ഫോടനത്തിന് പിന്നിലെന്ന് അറിയിച്ചു. ഇതോടെ പ്രാദേശിക ഭീകരവാദഗ്രൂപ്പുകളിലേക്കാണ് സംശയമുന നീളുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹർ പ്രാർത്ഥനാ സമയത്തുണ്ടായ സ്ഫോടനത്തിൽ പള്ളിയുടെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫീസുകളും ഭീകരവിരുദ്ധ വിഭാഗത്തിന്റെ ഓഫീസുകളും അടങ്ങുന്ന അതീവ സുരക്ഷാമേഖലയോട് ചേർന്ന് സേനാംഗങ്ങൾക്ക് പുറത്ത് പോകാതെ പ്രാർത്ഥിക്കാനായി നിർമ്മിച്ച പള്ളിയായതിനാൽ പൊലീസ് സേനയിലുള്ളവരാണ് മരിച്ചവരിൽ ഏറെയും. ചാവേറായി എത്തിയ ആൾ മുൻനിരയിൽ ഇരുന്നതിനാൽ പ്രാർത്ഥന നയിച്ചുകൊണ്ടിരുന്ന ഇമാം സാഹിബ്സാദ നൂർ ഉൽ അമീനും കൊല്ലപ്പെട്ടു.
അതീവ സുരക്ഷാമേഖലയിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ ചാവേറിന് എത്തിപ്പെടാനായത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. രണ്ടിടത്തെ സുരക്ഷാപരിശോധന കഴിഞ്ഞ ശേഷമേ ഇൗ സമുച്ചയത്തിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ.സ്ഫോടനം നടത്തിയതായി സംശയിക്കുന്നയാളുടെ തല സ്ഫോടനസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പെഷവാർ ക്യാപിറ്റൽ സിറ്റി പൊലീസ് ഓഫീസർ മുഹമ്മദ് ഐജാസ് ഖാൻ അറിയിച്ചു. കൊല്ലപ്പെട്ട പൊലീസുകാരുടെ മൃതദേഹങ്ങൾ ഇന്നലെ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം സംസ്കരിച്ചു. ആദരസൂചകമായി ശവപേടകങ്ങളിൽ പാകിസ്ഥാനി പതാക പുതച്ചിരുന്നു.
പരിക്കേറ്റവരെ സന്ദർശിക്കാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പെഷവാറിലെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പെഷവാറിൽ ഭീകരാക്രമണത്തിൽ നൂറു പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിൽ കുറിച്ചു.