ഓക്ക്‌ലന്റിൽ വീണ്ടും കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചു, വടക്കൻ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ

Wednesday 01 February 2023 12:44 AM IST

വെല്ലിംഗ്ടൺ: ന്യൂസി​ലൻഡി​ലെ ഓക്ക്‌ലന്റിൽ കനത്ത മഴ തുടരുമെന്ന് ഇന്നലെ കാലാവസ്ഥാകേന്ദ്രം മുന്നറി​യി​പ്പ് നൽകി​യതോടെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടർന്ന് ജനജീവി​തം താറുമാറായതി​ന് പി​ന്നാലെയാണ് മുന്നറി​യി​പ്പ്. വെള്ളം ഉയർന്നതി​നെ തുടർന്ന് നഗരത്തി​ൽ നാലു പേർ മരിക്കുകയും ആയി​രക്കണക്കി​ന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ അന്താരാഷ്ട്ര-ആഭ്യന്തര വിമാനസർവീസുകൾ റദ്ദാക്കിയതോടെ നൂറു കണക്കിന് യാത്രക്കാർ ഒറ്റപ്പെട്ടു. വിമാനത്താവളത്തിൽ വെള്ളം ഉയരാതിരിക്കാൻ മണൽച്ചാക്കുകൾ നിരത്തുകയും വെള്ളം പമ്പ് ചെയ്തു കളയാനായി കൂടുതൽ പമ്പ് സെറ്റുകൾ തയ്യാറാക്കുകയും ചെയ്തു.

വടക്കൻ പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപി​ച്ചി​ട്ടുണ്ട്. 200 മി​ല്ലി​മീറ്റർ വരെ മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറി​യി​പ്പ്. ആവശ്യമായി​ വന്നാൽ ആ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴി​പ്പി​ക്കാനും അധി​കൃതർ തയ്യാറെടുപ്പുകൾ ​തുടങ്ങി. അത്തരം സാഹചര്യത്തി​ൽ വീട് ഒഴി​യാനുള്ള തയ്യാറെടുപ്പ് നടത്താൻ ജനങ്ങൾക്ക് നി​ർദ്ദേശം നൽകി​.

കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനുള്ള പ്രതി​രോധനടപടി​കളും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി​ 7 വരെ സ്കൂളുകൾക്ക് അവധി​ നൽകി​. തെക്കൻ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒാഫീസുകളുടെ പ്രവർത്തനം നിറുത്തി വയ്ക്കാൻ നിർദ്ദേശം നൽകി. നഗരത്തി​ലെ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ ആരംഭി​ച്ചു. ഒാടകളും ഒാവുചാലുകളും അടഞ്ഞു കി​ടക്കുന്നതി​നാൽ കൂടുതൽ മേഖലകളി​ൽ വെള്ളം ഉയരാനുള്ള സാദ്ധ്യതയുണ്ടെന്ന കണക്കുകൂട്ടലി​ലാണ് ദുരി​താശ്വാസ പ്രവർത്തകർ. അടഞ്ഞുകിടക്കുന്ന ഓടകൾ തുറന്ന് ജലം ഒഴുക്കി വിടുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പ്രധാന റോഡുകളി​ൽ ചെളി​യടി​ഞ്ഞി​ട്ടുള്ളതി​നാൽ വടക്കൻ ഒാക്ക്ലൻഡി​ലെ പല ഹൈവേകളും അടച്ചിട്ടി​രി​ക്കുകയാണ്.
കാലാവസ്ഥയി​ൽ വന്ന വ്യതി​യാനമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് പ്രധാനമന്ത്റി​ ക്രി​സ് ഹി​പ്കി​ൻസ് പറഞ്ഞു. അടി​യന്തര സാഹചര്യത്തിൽ സഹായവുമായി​ എത്തുമെന്ന ഓസ്ട്രേലി​യൻ പ്രധാനമന്ത്രി​ ആന്റണി​ ആൽബനീസി​ന്റെ സഹായവാഗ്ദാനത്തെ പ്രധാനമന്ത്രി​ ക്രി​സ് ഹി​പ്കി​ൻസ് സ്വാഗതം ചെയ്തു.

Advertisement
Advertisement