രണ്ട് ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കാൻ ശുപാർശ

Wednesday 01 February 2023 1:45 AM IST

ന്യൂഡൽഹി:അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ.

2022 ഡിസംബർ 13 ന് അഞ്ച് ജഡ്ജിമാരെ സുപ്രീം കോടതിയിൽ നിയമിക്കാൻ ശുപാർശ ചെയ്തതിന് പുറമെയാണിത്. ജസ്റ്റിസ് രാജേഷ് ബിന്ദലിന്റെ നിയമന ശുപാർശ ഏകകണ്ഠമായിരുന്നു. ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ നിയമനത്തിൽ കൊളീജിയം അംഗമായ ജസ്റ്റിസ് കെ.എം ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചു.

ജസ്റ്റിസ് രാജേഷ് ബിന്ദൽ 2006 മാർച്ചിൽ പഞ്ചാബ് - ഹരിയാന ഹൈക്കോടതി ജഡ്ജിയായി. 2021 ഒക്ടോബറിൽ അലഹബാദ് ചീഫ് ജസ്റ്റിസ് ആയി. ജസ്റ്റിസ് അരവിന്ദ് കുമാർ 2009 ജൂണിൽ കർണ്ണാടക ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 2012 ഡിസംബറിൽ സ്ഥിരം ജഡ്ജിയായി. 2021 ഒക്ടോബറിൽ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി.

സീനിയോറിറ്റിയും യോഗ്യതയും പ്രകടനവും വ്യക്തിത്വവും പരിഗണിച്ചാണ് ശുപാർശ. സുപ്രീം കോടതിയിൽ ഹൈക്കോടതികളുടെ പ്രാതിനിധ്യവും പരിഗണിച്ചതായും കൊളീജിയം വ്യക്തമാക്കി.