നയപ്രഖ്യാപന പ്രസംഗം നിരാശാജനകമെന്ന് പ്രതിപക്ഷം

Wednesday 01 February 2023 1:47 AM IST

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കന്നി നയപ്രഖ്യാപന പ്രസംഗം നിരാശപ്പെടുത്തിയെന്ന ആരോപണവുമായി പ്രതിപക്ഷം. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എഴുതി വായിക്കുകയാണ് രാഷ്‌ട്രപതി ചെയ്‌തെന്ന് പറഞ്ഞ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രസംഗത്തിൽ പറഞ്ഞ നേട്ടങ്ങൾ ജനങ്ങൾക്ക് ലഭിച്ചിരുന്നെങ്കിൽ പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഉണ്ടാകില്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

അഴിമതി തുടച്ചു നീക്കിയെന്ന് രാഷ്‌ട്രപതി പറയുന്നു. എന്നാൽ എൽ.ഐ.സിയെയും എസ്.ബി.ഐയെയും കബളിപ്പിച്ച് ഒരു ലക്ഷം കോടി രൂപയുമായി ഒരാൾ മുങ്ങിയതുപോലുള്ള സംഭവങ്ങൾ എങ്ങനെയുണ്ടാകുന്നു. പ്രധാനമന്ത്രിയ്ക്ക് അടുപ്പമുള്ളയാൾ നടത്തിയ തട്ടിപ്പിലൂടെ 30കോടിയോളം വരുന്ന എൽ.ഐ.സി നിക്ഷേപകർ ആശങ്കയിലാണ്. ഇങ്ങനെ രാജ്യം വിടുന്ന തട്ടിപ്പുകാർക്കെതിരെ ഒരു നടപടിയുമില്ല. പദ്ധതികളുടെ പേരുമാറ്റി അവതരിപ്പിക്കുന്നതല്ലാതെ സാധാരണക്കാർക്ക് അതിന്റെ ഗുണങ്ങൾ ലഭിക്കുന്നില്ല. വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെല്ലാം സ്വകാര്യമേഖലയിലായതിനാൽ അതും സാധാരണക്കാർക്ക് അപ്രാപ്യമാണെന്ന് ഖാർഗെ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗം ബി.ജെ.പി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ആഖ്യാനം മാത്രമാണെന്ന് സി.പി.എം നേതാവ് എളമരം കരീം പറഞ്ഞു. പ്രസംഗത്തിൽ ഒരിടത്തും തൊഴിലാളി എന്ന വാക്കോ കാർഷിക മേഖലയെപ്പറ്റി പരാമർശമോ ഇല്ല. ജനങ്ങളുടെ പ്രശ്നങ്ങളും രാജ്യം നേരിടുന്ന വെല്ലുവിളികളും ഇല്ല. സ്ഥിരതയുള്ള സർക്കാരിൽ അഭിമാനം കൊള്ളുന്ന നയപ്രഖ്യാപനം സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്താൻ ഗവർണർമാർ നടത്തുന്ന ഭരണഘടനാ വിരുദ്ധ ഇടപെടലുകൾക്കുനേരെ കണ്ണടയ്ക്കുന്നു. പൊതുമേഖലാ വ്യവസായങ്ങളും രാജ്യത്തിന്റെ സമ്പത്തും വിറ്റുതുലയ്ക്കുന്ന നയം പിന്തുടരുന്ന കേന്ദ്ര സർക്കാറിന് എങ്ങനെയാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവുക. രാജ്യത്തെ മതസൗഹാർദ്ദവും ഒത്തൊരുമയും തകർക്കാൻ ബോധപൂർവം നടക്കുന്ന ശ്രമങ്ങളും പരാമർശിച്ചില്ല. കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ സൗകര്യം ചെയ്യുന്ന കേന്ദ്രനയം പുരോഗതി കൊണ്ടുവരുന്നു എന്നതാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ രത്നച്ചുരുക്കമെന്നും എളമരം കരീം പറഞ്ഞു.

രാഷ്‌ട്രപതിയെ അപമാനിച്ചു: ബി.ജെ.പി

നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചതിലൂടെ ബി.ആർ.എസും ആംആദ്‌മി പാർട്ടിയും രാഷ്ട്രപതിയെ അപമാനിച്ചു.

ഇന്ത്യയിലെ പരമോന്നത ഭരണഘടനാ പദവിയുടെയും പാർലമെന്ററി സംവിധാനത്തിന്റെയും അന്തസ്സിനെ അപമാനിച്ചതായും ബി.ജെ.പി പറഞ്ഞു.

വിമാനം വൈകി, രാഹുലിനും കൂട്ടർക്കും പങ്കെടുക്കാനായില്ല

ഭാരത് ജോഡോ യാത്രയ്‌ക്ക് ശേഷം ഇന്നലെ രാവിലെ ഡൽഹിയിലേക്ക് മടങ്ങാനിരുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്‌സഭാ നേതാവ് ആദിർ രഞ്ജൻ ചൗധരി, എം.പിമാരായ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, ജയ്‌റാം രമേശ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം വൈകിയതിനാൽ നയപ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാനായില്ല. യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞാണ് കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെത്തിയത്.

Advertisement
Advertisement