കോൺഗ്രസുമായി ധാരണ മാത്രമെന്ന് മണിക് സർക്കാർ മുന്നണിയിൽ അടിയൊഴുക്ക് പ്രതീക്ഷിച്ച് ബി.ജെ.പി

Wednesday 01 February 2023 1:49 AM IST

ന്യൂഡൽഹി:ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമില്ലെന്നും ധാരണ മാത്രമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. സംസ്ഥാനത്തെ സർക്കാർ ആർ.എസ്.എസ് നിർദേശമനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാരാണ്. ത്രിപുരയിലെ ജനങ്ങൾക്ക് ഇതറിയാം. സംസ്ഥാനം ക്രമസമാധാന നില, സമ്പദ് വ്യവസ്ഥ, അഴിമതി നിർമ്മാർജനം, സ്വാതന്ത്ര്യം എന്നീ കാര്യങ്ങളിലെല്ലാം വളരെ പിന്നോട്ട് പോയിരിക്കുന്നു. ഇതെല്ലാം പരിഗണിച്ച് ബി.ജെ.പി സർക്കാരിനെ നീക്കം ചെയ്യേണ്ടത് പ്രധാനമാണ്. അതിനായി ഞങ്ങൾ മതേതര ചിന്താഗതിയുള്ള പാർട്ടികളെ സമീപിച്ചു. കോൺഗ്രസ് അനുകൂലമായി പ്രതികരിച്ചു. മണിക് സർക്കാർ ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സീറ്റ് ധാരണയ്ക്ക് വിപരീതമായി കോൺഗ്രസ് നാല് അധികം സീറ്റുകളിൽ മത്സരിക്കുന്ന പ്രശ്നം ഫെബ്രുവരി രണ്ടിന് മുമ്പ് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസുമായി ഒരു ബന്ധത്തിനുമില്ലെന്നും അവർ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മണിക് സർക്കാർ ആരോപിച്ചു.

ബംഗാളി ഹിന്ദുക്കളിൽ

കേന്ദ്രീകരിച്ച് ബി.ജെ.പി

ബംഗാളി ഹിന്ദുക്കളിൽ കേന്ദ്രീകരിച്ചാണ് ബി.ജെ.പി പ്രചരണം കൊഴുപ്പിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷക്കാലം ക്രമസമാധാന നില മെച്ചപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ പ്രചരണം. എന്നാൽ ഭരണ വിരുദ്ധ വികാരവും മുസ്ലിം - ആദിവാസി വിഭാഗങ്ങൾക്കിടയിലെ അസംതൃപ്തിയും ബി.ജെ.പിയെ ബാധിച്ചേക്കാം. തി പ്രമോത പാർട്ടിയുടെ ആവിർഭാവത്തോടെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയുടെ സ്വാധീനം കുറഞ്ഞതായി ആ പാർട്ടി തന്നെ സമ്മതിക്കുന്നു. നിലവിലുള്ള നിയമസഭയിൽ എട്ട് സീറ്റുകൾ നേടിയ പാർട്ടി ഇത്തവണ മത്സരിക്കുന്നത് പോലും അഞ്ച് എണ്ണത്തിൽ മാത്രമാണ്.

പഴയ രണ്ട് പ്രബല പാർട്ടികളുടെ ധാരണ നേട്ടമായേക്കാം

സംസ്ഥാനത്തെ പഴയ രണ്ട് പ്രബല രാഷ്ട്രീയപാർട്ടികളായ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും തിരഞ്ഞെടുപ്പ് ധാരണ വോട്ടിംഗ് ശതമാനത്തിൽ വർദ്ധനവുണ്ടാക്കും. ഇത് ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുന്ന സഖ്യമായി മാറുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. കാരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായ സി.പി.എമ്മിന് ബി.ജെ.പിയേക്കാൾ ഒന്നര ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. 1.7 ശതമാനം വോട്ട് ലഭിച്ച കോൺഗ്രസ് ഇത്തവണ നില മെച്ചപ്പെടുത്തിയാൽ ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലം സംസ്ഥാന രാഷ്ട്രീയത്തിൽ ബദ്ധവൈരികളായിരുന്നു സി.പി.എമ്മും കോൺഗ്രസും. ഇടത് മുന്നണി സർക്കാരിന്റെ കാലത്ത് നേരിട്ട അക്രമങ്ങൾ അണികൾ മറക്കില്ലെന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം ഈ സഖ്യത്തിന് പാരയാകുമോയെന്നാണ് ബി.ജെ.പിയും തിപ്രമോത പാർട്ടിയും നിരീക്ഷിക്കുന്നത്.

Advertisement
Advertisement