പാർട്ടികൾക്ക് പിഴ: തിര.കമ്മിഷന് നോട്ടീസ്

Wednesday 01 February 2023 1:50 AM IST

ന്യൂഡൽഹി: സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലംവെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതിന് ബി.ജെ.പി ഉൾപ്പെടെ എട്ട് രാഷ്ട്രീയ പാർട്ടികൾക്ക് പിഴ ചുമത്തിയ 2021 ലെ സുപ്രീം കോടതി ഉത്തരവിനെതിരായ പുനഃപരിശോധന ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. 2021 ലെ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾഔദ്യോഗിക വെബ് സൈറ്റുകളിലും പത്രങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് വിശദാംശങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

പ്രചാരം കുറഞ്ഞ പത്രങ്ങളിലാണ് പാർട്ടി സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിച്ചതെന്ന് ജസ്റ്റിസ് റോഹിന്റൺ ഫാലി നരിമാൻ (ഇപ്പോൾ വിരമിച്ചു), ജസ്റ്റിസ് ബി.ആർ ഗവായ് എന്നിവരടങ്ങിയ അന്നത്തെ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ബി.ജെ.പിയുടെ ഒരു സ്ഥാനാർത്ഥി ഇത് സംബന്ധിച്ച സി ഫോറം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന് പാർട്ടി നൽകിയ കാരണം സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിക്ക് കോടതി പിഴ ചുമത്തിയിരുന്നു. ബി.ജെ.പി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം തേടിയത്.