വിസ്താര വിമാനത്തിൽ മദ്യപിച്ച് ആക്രമണം ഇറ്റാലിയൻ യാത്രക്കാരി അറസ്റ്റിൽ

Wednesday 01 February 2023 1:55 AM IST

മുംബയ്: വിസ്താര എയർലൈൻസിലെ ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇറ്റാലിയൻ യാത്രക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബി-മുംബയ് വിമാനത്തിലാണ് സംഭവം. പൗല പെറുച്ചിയോ എന്ന 45കാരിയാണ് മദ്യപിച്ച് ജീവനക്കാരെ മർദ്ദിച്ചത്. ഇക്കോണമി ടിക്കറ്റ് കൈവശം വച്ചിരുന്ന ഇവർ

ബിസിനസ് ക്ലാസിൽ ഇരിക്കാൻ ശ്രമിക്കുകയും ഇത് തടഞ്ഞ ജീവനക്കാരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ഒരാളെ ഇടിക്കുകയും മറ്റൊരാളുടെ ദേഹത്തേക്ക് തുപ്പുകയും വിമാനത്തിലൂടെ അർദ്ധ നഗ്നയായി നടക്കുകയും ചെയ്തെന്ന് ജീവനക്കാർ പറയുന്നു. വസ്ത്രം ഉരിഞ്ഞ് ജീവനക്കാരെ ശകാരിച്ചുകൊണ്ട് നടന്ന അവർ അക്രമാസക്തയായതോടെ തടഞ്ഞുവയ്ക്കുകയായിരുന്നു.

പല തവണ ക്യാപ്ടൻ മുന്നറിയിപ്പ് നല്കിയെങ്കിലും അവഗണിച്ചതിനെത്തുടർന്നാണ് തടഞ്ഞുവച്ചതെന്ന് വിസ്താര അറിയിച്ചു. വിമാനം ലാൻഡ് ചെയ്ത ശേഷം നിയമപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും നടപടി സ്വീകരിക്കുകയുംചെയ്യുകയായിരുന്നെന്നും വിസ്താര പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഒരു ദിവസത്തിനകം തന്നെ കുറ്റപത്രം തയാറാക്കി. പെട്ടെന്നുതന്നെ അവരുടെ വൈദ്യ പരിശോധന പൂർത്തിയാക്കുകയും ചെയ്തു. സഹയാത്രക്കാരുടെയും ജീവനക്കാരുടെയും മൊഴിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചെയ്തെന്നും പൊലീസ് അറിയിച്ചു.