മാനഭംഗക്കേസിൽ ആസാറാം ബാപ്പുവിന് ജീവപര്യന്തം

Wednesday 01 February 2023 1:59 AM IST

ന്യൂഡൽഹി: ശിഷ്യയെ മാനഭംഗപ്പെടുത്തിയ ചെയ്ത കേസിൽ വിവാദ ആൾ ദൈവം ആസാറാം ബാപ്പുവിന് (81) ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ച് ഗുജറാത്ത് ഗാന്ധിനഗർ സെഷൻസ് കോടതി. ജഡ്ജി ഡി.കെ സോണിയാണ് വിധി പുറപ്പെടുവിച്ചത്. അരലക്ഷം രൂപ പിഴയും അടയ്ക്കണം. കഴിഞ്ഞ ദിവസം ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ 2018ൽ ശിക്ഷിക്കപ്പെട്ട ആസാറാം നിലവിൽ ജോധ്പൂർ ജയിലിലാണ്. 2001 മുതൽ 2006 വരെയുള്ള കാലയളവിൽ സൂറത്തുകാരിയായ ശിഷ്യയെ മൊട്ടേരയിലെ ആശ്രമത്തിൽ വച്ച് അഞ്ചു വർഷം പലതവണ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. കേസിൽ ആസാറാമിന്റെ ഭാര്യയും മകളും ഉൾപ്പെടെ ആറു പേർ കൂടി പ്രതികളായിരുന്നുവെങ്കിലും ഇവരെ കോടതി വെറുതെ വിട്ടു. മറ്റൊരു പ്രതി നേരത്തെ മരിച്ചു.

2013ൽ ചാന്ദ്ഖേഡ പൊലീസ് ചാർജ്ജ് ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗം(376), പ്രകൃതി വിരുദ്ധ ലൈംഗികത(354), ക്രിമനൽ ഗൂഢാലോചന(120 ബി) തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരമാണ് ശിക്ഷിക്കപ്പെട്ടതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ആർ.സി കൊഡേക്കർ പറഞ്ഞു. 2013 ൽ ചാന്ദ്ഖേഡ പൊലീസ് കേസ് ചാർജ്ജ് ചെയ്തത് മുതൽ ഇയാൾ ജയിലിലാണ്. വീഡിയോ കോൺഫറൻസ് വഴിയാണ് വിചാരണയിൽ പങ്കെടുത്തത്.

വിവാദ ആൾ ദൈവത്തിന്റെ പ്രതാപകാലത്ത് രാജ്യത്തിനകത്തും പുറത്തുമായി നാനൂറിലേറെ ആശ്രമങ്ങളും ആയിരക്കണക്കിന് ശിഷ്യരുമുണ്ടായിരുന്നു. കോടികളുടെ ആസ്തികളാണ് ആശ്രമങ്ങളുടെ കീഴിലുണ്ടായിരുന്നത്. ഈ കേസിലെ പരാതിക്കാരിയുടെ സഹോദരിയെ മാനഭംഗം ചെയ്ത കേസിൽ സൂറത്ത് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച നാരായൺ സായി ആസാറാമിന്റെ മകനാണ്.

Advertisement
Advertisement