ഇതാണ് കരുതൽ! രാജ്യത്ത്  ഒരു പൗരനും പട്ടിണി കിടക്കില്ല, ബഡ്ജറ്റിൽ രണ്ട് ലക്ഷം കോടി രൂപയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം 

Wednesday 01 February 2023 12:12 PM IST

ന്യൂഡൽഹി : ഇന്ത്യയുടെ അയൽ രാജ്യങ്ങളിലടക്കം ഭക്ഷ്യക്ഷാമം രൂക്ഷമാകവേ, ഇന്ത്യൻ പൗരൻമാർക്ക് ആശ്വാസമായി സൗജന്യ ഭക്ഷണപദ്ധതിയായ പി എം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി നീട്ടാൻ കേന്ദ്ര തീരുമാനം. ഇന്ന് കേന്ദ്ര ധനമന്ത്രി അവതരിപ്പിക്കുന്ന യൂണിയൻ ബഡ്ജറ്റിലാണ് വമ്പൻ പദ്ധതി പ്രഖ്യാപിച്ചത്. പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി രാജ്യത്തെ 81 കോടിയാളുകൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.ഇതിനായി
രണ്ട് ലക്ഷം കോടി രൂപയാണ് നീക്കി വയ്ക്കുന്നത്. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.


'അമൃതകാലത്തെ ആദ്യ ബഡ്ജറ്റാണിത്. വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തും. വളർച്ചാനിരക്ക് ഏഴ് ശതമാനമെത്തും. സമ്പദ്ഘടന ശക്തമാണ്. ആഗോള പ്രതിസന്ധിക്കിടയിലും തലയുയർത്താവുന്ന നേട്ടമാണിത്. രാജ്യത്തിന്റെ സമ്പദ്ഘടന ശരിയായ ദിശയിലാണ്. അടുത്ത 100 വർഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റാകും ഈ ബഡ്ജറ്റ്. ഏഴ് ഭാഗങ്ങളായാണ് ഇത്തവണ ബഡ്ജറ്റിനെ തരംതിരിച്ചിരിക്കുന്നത്. അമൃതകാലത്ത് സപ്തർഷികളെപ്പോലെ ഇത് രാജ്യത്തെ നയിക്കും' ധനമന്ത്രി പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങൾ:

1. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ലഭിക്കും. ഇതിന്റെ രണ്ട് ലക്ഷം കോടി രൂപയുടെ ചെലവ് സർക്കാർ വഹിക്കും.

2. പൗരന്മാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കൽ യുവാക്കൾക്ക് മുൻഗണന, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ , സാമ്പത്തിക വളർച്ചയും തൊഴിൽ വർദ്ധിപ്പിക്കൽ എന്നീ മൂന്ന് ഘടകങ്ങൾക്ക് ഊന്നൽ.

3. 63,000 പ്രാഥമിക സഹകരണ സംഘങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ 2,516 കോടി.

4. 11.7 കോടി ശൗചാലയങ്ങൾ നിർമിച്ചു.

5. 157 നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കും.

6. 2200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ്.

7. കാർഷിക വായ്പ 20 ലക്ഷം കോടി.

8. ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ.

9. 2027ഓടെ അരിവാൾ രോഗം പൂർണമായും തുടച്ച് നീക്കും.

10. മത്സ്യബന്ധന രംഗത്തെ വികസനത്തിന് 6000 കോടി.

11. 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും വരും.

12. റെയിൽവേയ്ക്ക് എക്കാലത്തെയും ഉയർന്ന വിഹിതം 2.40 ലക്ഷം കോടി.

Advertisement
Advertisement