കുന്നുകൂടിക്കിടക്കുന്ന നാണയങ്ങൾക്കിടയിൽ സ്വർണവും വെള്ളിയും, ശബരിമലയിൽ കൂട്ടിയിട്ടിരിക്കുന്ന കാണിക്കപ്പണം  ഞായർ മുതൽ എണ്ണും 

Wednesday 01 February 2023 1:56 PM IST

ചെങ്ങന്നൂർ: ശബരിമല ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരിക്കുന്ന കാണിക്കപ്പണം ഈ മാസം 5 മുതൽ എണ്ണിത്തുടങ്ങും. ഇതിനായി ദേവസ്വംബോർഡിന്റെ ഓരോ ഗ്രൂപ്പിൽ നിന്ന് 30 ക്ലാസ് ഫോർ ജീവനക്കാർ വീതം സ്‌പെഷ്യൽ ഡ്യൂട്ടിക്ക് സന്നിധാനത്ത് എത്താൻ ദേവസ്വം കമ്മിഷണർ നോട്ടീസ് നൽകി. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉളളവരെ മാത്രം ഒഴിവാക്കി, മണ്ഡലമകരവിളക്ക് കാലത്ത് സ്‌പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലാത്ത ജീവനക്കാരെയും സ്‌പെഷ്യൽ ഡ്യൂട്ടിക്ക് സ്ഥിരമായി പോകാത്ത ജീവനക്കാരെയും നിയോഗിക്കണമെന്നാണ് നിർദ്ദേശം. ഭണ്ഡാരം ചീഫ് ഓഫീസറായി ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ആർ.എസ്. ഉണ്ണിക്കൃഷ്ണനെ കൂടാതെ ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ ബി.എസ്. ശ്രീകുമാറിനെയും നിയമിച്ചിട്ടുണ്ട്.

പഴയത് ഉൾപ്പടെയുള്ള ഭണ്ഡാരത്തിലെ നാണയം കൂടാതെ അന്നദാന മണ്ഡപത്തിലെയും നാണയം എണ്ണാനായി 600ഓളം ജീവനക്കാരെയാണ് എത്തിക്കുന്നത്. അതേസമയം പണമെണ്ണുന്നതിന് നേതൃത്വം നൽകാൻ നിയോഗിച്ചുള്ള അസിസ്റ്റന്റുമാരുടെ എണ്ണം അപര്യാപ്തമാണ്. മൂന്ന് സ്ഥലങ്ങളിലായി 11 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. കുറഞ്ഞത് 45 പേരെങ്കിലും ഉണ്ടെങ്കിലേ സ്വർണവും വെള്ളിയും അരിയുമുൾപ്പെടെ ഇടകലർന്നുകിടക്കുന്ന നാണയങ്ങൾ ടേബിളുകളിൽ എത്തിക്കാനാകു. തരംതിരിച്ച നാണയങ്ങൾ കൗണ്ടിംഗ് പോയിന്റുകളിൽ എത്തിക്കുന്നതിനും എണ്ണം കൃത്യമാണോ എന്ന് ശ്രദ്ധിക്കുന്നതിനും ബാങ്കിൽ ഏൽപ്പിക്കുന്നതിനും ഇവർ വേണം. പണമെണ്ണാതെ കെട്ടിക്കിടന്ന് നശിക്കുന്നതിനെക്കുറിച്ച് നേരത്തെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് ദേവസ്വംബോർഡ് ജാഗ്രതകാട്ടിത്തുടങ്ങിയത്.