'ഇന്ത്യയുടെ വികസന പാതയ്ക്ക് പുതിയ ഊർജം പകരുന്നത്'; കേന്ദ്ര ബ‌ഡ്‌ജറ്റിനെ പുകഴ്‌ത്തി പ്രധാനമന്ത്രി

Wednesday 01 February 2023 3:35 PM IST

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച 2023ലെ യൂണിയൻ ബഡ്‌ജറ്റിനെ വാനോളം പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ രാജ്യത്തിന്റെ അടിത്തറ പാകുന്ന ബ‌ഡ്‌ജറ്റ്. എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റുന്ന ബ‌ഡ്‌ജറ്റാണെന്നും മോദി പറഞ്ഞു.

പാവപ്പെട്ടവരുടെയും കർഷകരുടെയും ഗ്രാമങ്ങളുടെയും ബഡ്‌ജറ്റാണിത്. വികസന പാതയ്ക്ക് പുതിയ ഊർജം പകരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് 400 ശതമാനം അധിക തുക വിലയിരുത്തി. വ്യവസായ മേഖലയ്ക്ക് വായ്‌പാ സഹായം ലഭ്യമാക്കുന്നു. മദ്ധ്യവർഗത്തിന് ബ‌ഡ്‌ജറ്റിൽ വലിയ സഹായം നൽകുന്നു. ആദായനികുതി ഇളവ് ലഭ്യമാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നിർമലാ സീതാരാമനും സംഘത്തിനും അഭിനന്ദനങ്ങൾ നേർന്ന പ്രധാനമന്ത്രി 2047ൽ അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പടുക്കുന്നതിനായി ജനങ്ങൾ അണിചേരണമെന്നും ആഹ്വാനം ചെയ്തു.