ഇറക്കുമതി പെട്രോളിന് ബൈ പറഞ്ഞ്  ഇലക്ട്രിക്കിനെ സ്വീകരിക്കാൻ മോദിസർക്കാർ ബഡ്ജറ്റിൽ കൊണ്ടുവന്നത് മൂന്ന് കാര്യങ്ങൾ 

Wednesday 01 February 2023 4:04 PM IST

വിദേശനാണ്യ ചോർച്ച തടയുന്നതിനും, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുമായി ഇറക്കുമതി പെട്രോളിന് ബൈ പറയാൻ ഏറെ നാളായി മോദി സർക്കാർ പരിശ്രമിക്കുകയാണ്. ഈ ബഡ്ജറ്റിലും ഹരിത ഊർജത്തിനും, ഇലക്ട്രിക് വാഹന ഉപയോഗം വർദ്ധിപ്പിക്കുവാനും ശ്രദ്ധേയമായ നടപടികൾ മോദി സർക്കാർ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ പ്രധാനമായും മൂന്ന് കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്.


ഇലക്ട്രിക് ബാറ്ററികളുടെ തീരുവ ഒഴിവാക്കും

രാജ്യത്ത് ഇലക്ട്രിക് വാഹന നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇവി ബാറ്ററികളായി ഉപയോഗിക്കുന്ന ലിഥിയം അയൺ സെല്ലുകൾ നിർമ്മിക്കാൻ ആവശ്യമായ സാധനങ്ങളുടേയും, നിർമ്മാണ യന്ത്രങ്ങളുടേയും ഇറക്കുമതി തീരുവയ്ക്ക് നൽകിയിരിക്കുന്ന ഇളവ് ഈ സാമ്പത്തിക വർഷത്തേയ്ക്കു കൂടി നീട്ടി. ഇതിലൂടെ ബാറ്ററി ഭാഗങ്ങൾ പ്രാദേശികമായി നിർമ്മിക്കാനാവും എന്ന് സർക്കാർ കരുതുന്നു. ഇതിലൂടെ ബാറ്ററിയുടെ വില കുറയുകയും, ഇലക്ട്രിക് വാഹനങ്ങൾ സാധാരണക്കാരനും വാങ്ങാവുന്ന സ്ഥിതിയിലെത്തുകയും ചെയ്യും. ഫലത്തിൽ കൂടുതൽ ഇവികൾ പുറത്തിറക്കാൻ കമ്പനികൾക്ക് കഴിയും.


എഥനോൾ മിശ്രിതം ഉൽപ്പാദനം കൂട്ടും

2025 മുതൽ പെട്രോളിൽ ഇഥൈൽ ആൽക്കഹോളിന്റെ അളവ് 20 ശതമാനമാക്കി വർദ്ധിപ്പിക്കാനാണ് തീരുമാനം. എഥനോൾ മിശ്രിതം ഉൽപ്പാദനം കൂട്ടുന്നതിനായി ഇഥൈൽ ആൽക്കഹോളിനെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിലൂടെ ഇറക്കുമതി എണ്ണയുടെ അളവ് കുറയ്ക്കാനാവും. പത്ത് ശതമാനം കുറവ് അധികമായി ഉണ്ടായാൽ പോലും വർഷം കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യ ചോർച്ച ഇതിലൂടെ തടയാനാവും.

സർക്കാർ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യും

സർക്കാർ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങൾ പൊളിക്കാൻ തീരുമാനിച്ചു. ഇതിന് പകരം ഹരിതോർജ്ജത്തിലോ, വൈദ്യുതിയിലോ ഓടുന്ന വാഹനങ്ങളാവും വാങ്ങുക. വാഹന സ്‌ക്രാപ്പേജ് നയം ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. കാർ നിർമാതാക്കൾക്ക് ഏറെ ഗുണകരമാവും ഈ സർക്കാർ നീക്കം. പഴയ ആംബുലൻസുകളും പൊളിക്കാൻ നൽകി പകരം പുതിയവ വാങ്ങുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement