ഭാര്യയെും മക്കളെയും അപായപ്പെടുത്താൻ യുവാവ് വീടിന് തീയിട്ടു.
തലയോലപ്പറമ്പ് : ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തെ അപായപ്പെടുത്താൻ മദ്യലഹരിയിൽ യുവാവ് വീടിന് തീയിട്ടു. ഇന്നലെ പുലർച്ചെ 1.30 ഓടെ മറവൻതുരുത്ത് പഞ്ഞിപ്പാലത്തിന് സമീപം കുലശേഖരമംഗലം നാരായണ ഭവനിൽ രാജീവ് വീടിന് തീയിട്ടത്. നാട്ടുകാർ സമയോചിതമായി ഇടപെട്ട് ഭാര്യയെയും കുട്ടികളെയും ഇവിടെ നിന്ന് മാറ്റി. മുൻപ് വിദേശത്തായിരുന്ന ഇയാൾ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര അടക്കം കത്തിനശിച്ചു. വീടിനുള്ളിൽ ഉണ്ടായിരുന്ന കുട്ടികളുടെ പഠനോപകരണങ്ങൾ, സർട്ടിഫിക്കറ്റുകൾ, വസ്ത്രങ്ങൾ, വീട്ടുസാധനങ്ങൾ എന്നിവ പൂർണ്ണമായും അഗ്‌നിക്കിരയായി. വൈക്കത്ത് നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയചന്ദ്രൻ ,പി എം പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്റണ വിധേയമാക്കിയത്. കത്തുന്ന വീടിന് മുന്നിൽ ഭീഷണി മുഴക്കി നിന്ന യുവാവിനെ പൊലീസ് എത്തി കീഴ്‌പ്പെടുത്തിയാണ് വൈക്കം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.