സ്‌കൂൾ പാചകത്തൊഴിലാളികൾ സമരത്തിന്

Thursday 02 February 2023 12:00 AM IST
സ്കൂൾ പാചകത്തൊഴിലാളികൾ നേരിടുന്ന പ്രശ്നത്തെക്കുറിച്ചുള്ള കേരളകൗമുദി റിപ്പോർട്ട്

തൃശൂർ: സ്‌കൂൾ പാചകത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകൾ സമരത്തിനൊരുങ്ങുന്നു. സംസ്ഥാന ബഡ്ജറ്റിൽ പ്രശ്‌നപരിഹാരത്തിന് നിർദ്ദേശങ്ങളുണ്ടോയെന്ന് പരിശോധിച്ച ശേഷം സമരപരിപാടി ആസൂത്രണം ചെയ്യാനാണ് സ്‌കൂൾ പാചകത്തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) തീരുമാനം.

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാലിന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് കേരള സ്‌കൂൾ വർക്കേഴസ് അസോസിയേഷൻ അറിയിച്ചു.

പാചകത്തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്ന് അസോസിയേഷൻ ആരോപിച്ചു. അധികാരം ദുരുപയോഗം ചെയ്ത് തൊഴിലാളികളെ പിരിച്ചുവിടുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി. ലക്ഷ്മിദേവി അദ്ധ്യക്ഷയായി. സുജോബി ജോസ്, വി. രമാദേവി, ഐ. ചിത്രലേഖ, ജി. സത്യഭാമ, എ.കെ. വിജയകുമാരി, കെ. ശ്യാമള തുടങ്ങിയവർ പ്രസംഗിച്ചു.