കാമറയ്ക്ക് മുൻപിലേക്ക് വീണ്ടും സാമന്ത

Thursday 02 February 2023 12:32 AM IST

ആരോഗ്യ കാരണങ്ങളാൽ ബ്രേക്കെ‌‌ടുത്ത സാമന്ത വീണ്ടും കാമറയ്ക്ക് മുൻപിലേക്ക്. ആമസോൺ പ്രൈം വീഡിയോയുടെ റൂസോ ബ്രദേഴ്സിന്റെ ഗ്ളോബൽ ഇവന്റ് സീരിസായ സിറ്റാഡെലിന്റെ ഇന്ത്യൻ പതിപ്പിൽ പ്രധാന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്. വരുൺ ധവാൻ ആണ് നായകൻ. സീരിസിലെ സാമന്തയു‌ടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മുംബായിൽ ചിത്രീകരണം പുരോഗമിക്കുന്ന സീരിസിന്റെ അടുത്ത ഷെഡ്യൂൾ ഉത്തരേന്ത്യയിലാണ്. വിദേശത്തും ചിത്രീകരണമുണ്ട്. ചാരപ്രവർത്തനം ന‌ടത്തുന്ന കഥാപാത്രങ്ങളായാണ് സാമന്തയും വരുൺ ധവാനും എത്തുന്നത്. അതേസമയം ശാകുന്തളമാണ് റിലീസിന് ഒരുങ്ങുന്ന സാമന്ത ചിത്രം. ഫെബ്രുവരി 17ന് അഞ്ച് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ശകുന്തളയുടെ വേഷമാണ് സാമന്ത അവതരിപ്പിക്കുന്നത്. സൂഫിയും സുജാതയിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ ആണ് ദുഷ്യന്തൻ. രുദ്രമാദേവിക്കുശേഷം ഗുണശേഖ‌ർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻ ബാബു, പ്രകാശ് രാജ്, ഗൗതമി, കബീ‌ർ ബേഡി, അദിതി ബാലൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.