മൂടാത്ത കുഴികളിൽ ഭീതിയോടെ യാത്രക്കാർ

Thursday 02 February 2023 1:20 AM IST

വെഞ്ഞാറമൂട്: സ്ഥലപരിമിതിയും ഗതാഗതക്കുരുക്കും കൊണ്ട് വീർപ്പുമുട്ടുന്നതിനിടയിൽ സ്വകാര്യ കേബിൾ കമ്പനി റോഡ് കുഴിച്ച് പണി നടത്തുന്നത് കാരണം ബുദ്ധിമുട്ടുകയാണ് പൊതുജനം. കുത്തിപ്പൊളിക്കുന്നതോ കോടികൾ മുടക്കി പണിത സംസ്ഥാനപാതയും. 78 കിലോമീറ്ററിന് 147 കോടി മുടക്കിയ അടൂർ -കഴക്കൂട്ടം പാതയാണ് സ്വകാര്യ കേബിൾ പണിക്കായി കുത്തിപ്പൊളിച്ചിടുന്നത്. രണ്ട് വർഷം മുമ്പ് 147 കോടിയുടെ ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് ഈ മീറ്റർ റോഡ് പണിതത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. അപകടം കുറയ്ക്കുന്നതിനു വേണ്ടി 33 ജംഗ്ഷനുകളുടെ നവീകരണം, സ്കൂൾ മേഖലയിൽ ഗേറ്റ്‌വേ ട്രീറ്റ്മെന്റ്, സോളാർ ലൈറ്റിംഗ്, ആധുനിക റോഡ് മാർക്കിംഗ്, സൈൻ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ എന്നിവ ഉൾപ്പെടുന്ന രീതിയിലാണ് പണി നടന്നത്. ഇത്രയും സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് അതിസുരക്ഷാ ഇടനാഴി എന്നാണ് പേര് നൽകിയിരിക്കുന്നത്.

ആ റോഡാണ് സ്വകാര്യ കേബിൾ കമ്പനിക്കു വേണ്ടി കുത്തിക്കുഴിക്കാൻ അവസരം നൽകിയത്. രണ്ടാഴ്ച മുമ്പാണ് കുഴി എടുത്തുതുടങ്ങിയത്. 100 മീറ്റർ വ്യത്യാസത്തിലാണ് നിലമേൽ മുതൽ കുഴിയെടുത്തു വരുന്നത്. ഇത്രയും ദിവസമായിട്ടും കുഴി ശരിയായി മൂടാതെ മൺകൂനകളാക്കി വയ്ക്കുകയാണ്. റോഡിലെ കുഴി ശരിയായി മൂടാത്തത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. ഇതിനകം തന്നെ നിരവധി ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുകയും ചെയ്തു. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ബി.എം ആൻഡ് ബി.സി രീതിയിൽ പണിത റോഡിലെ കുഴി മൺവെട്ടി കൊണ്ട് മണ്ണിട്ട് മൂടിയാണ് കുഴികൾ അടയ്ക്കുന്നത്.

പേര് സുരക്ഷാ ഇടനാഴി എന്നാണെങ്കിലും ഒരു സുരക്ഷയും ഇല്ലാത്ത അവസ്ഥയാണുള്ളത്. സംസ്ഥാന പാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ ഒന്നാണ് അടൂർ മുതൽ - വെഞ്ഞാറമൂട് വരെയുള്ള പാത. ഈ പാതയിൽ ഏറ്റവും വലിയ ഗതാഗതക്കുരുക്കും ഇവിടെയാണ്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ മണിക്കൂറുകളോളമാണ് ഇവിടെ കിടക്കുന്നത്.

Advertisement
Advertisement