റോഡ് പൊളിക്കില്ല; കുറവൻകോണത്ത് സിറ്റി ഗ്യാസ് പൈപ്പ് ലൈൻ ഭൂമിക്കടിയിലൂടെ
തിരുവനന്തപുരം: സിറ്റി ഗ്യാസ് പദ്ധതിയുടെ രണ്ടാം ഘട്ടമായി മരപ്പാലം-കുറവൻകോണം-കവടിയാർ ഭാഗങ്ങളിൽ റോഡ് വെട്ടിപ്പൊളിക്കാതെ ഭൂമിക്കടിയിലൂടെ പൈപ്പ്ലൈൻ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ആദ്യഘട്ടം വെട്ടുകാട്, ശംഖുംമുഖം പരിസരങ്ങളിലായിരുന്നു. റോഡിനൊരുവശത്തുമാത്രം രണ്ട് കുഴിയെടുത്ത് പൈപ്പ്ലൈൻ സ്ഥാപിക്കുന്ന രീതിയാണ് നടക്കുന്നത്.എച്ച്.ഡി.ഡി (ഹൊറിസോൺട്ടൽ ഡയറക്ഷണൽ ഡ്രില്ലിംഗ്) എന്ന സാങ്കേതികവിദ്യയാണ് പൈപ്പ്ലൈൻ സ്ഥാപിക്കാൻ ഉപയോഗിക്കുന്നത്. വ്യാവസായിക ആവശ്യത്തിനുള്ള ഹൈ പ്രഷർ കാർബൺ സ്റ്റീൽ പൈപ്പുകളും ഗാർഹിക ആവശ്യങ്ങൾക്കുള്ള ലോ പ്രഷർ എം.ഡി.പി.ഇ(മീഡിയം ഡെൻസിറ്റി പോളി എത്തലീൻ) പൈപ്പുകളുമാണ് സ്ഥാപിക്കുന്നത്. കൊച്ചുവേളിയിൽ നിന്ന് ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് വരെയാണ് പണി നടക്കുന്നത്. കുറവൻകോണം,വെൺപാലവട്ടം,പേരൂർക്കട, പട്ടം, കുമാരപുരം,അമ്പലമുക്ക് എന്നിവിടങ്ങളിൽ ഗ്യാസ് എത്തിക്കാൻ ഈ ഘട്ടത്തിൽ സാധിക്കും. റോഡിനകത്തേക്ക് പാരാബോള രീതിയിലാണ് കുഴിയെടുക്കുന്നത്. റോഡിന്റെ രണ്ട് ഭാഗങ്ങളിലായി ഏകദേശം രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള കുഴിയെടുക്കുകയും പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്യും.എജി ആൻഡ് പി പ്രഥം എന്ന കമ്പനിയാണ് നേതൃത്വം നൽകുന്നത്.