ദേശീയപാതയോരത്ത് തീപിടിത്തം
തുറവൂർ : ദേശീയ പാതയിൽ കുത്തിയതോട് ജമാഅത്ത് മുസ്ലീം പള്ളിക്ക് സമീപം ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന ആക്രി സാധനങ്ങൾക്ക് തീപിടിച്ചു. ആളപായമില്ല. തീ ഉയർന്ന് ആളി കത്തിയതോടെ സമീപത്തെ വീടിനോട് ചേർന്നുള്ള വൃക്ഷങ്ങളടക്കം കത്തി നശിച്ചു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. അരൂർ, ചേർത്തല, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമന സേന മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത് .കഴിഞ്ഞ ദിവസം ദേശീയപാത മേൽപ്പാലവുമായി ബന്ധപ്പെട്ട ജോലിക്ക് എത്തിയ ജീവനക്കാർ ആക്രി കച്ചവടക്കാർ ഉപേക്ഷിച്ച സാധനങ്ങൾ പാതയോരത്തു നിന്നും പിന്നിലേക്ക് നീക്കി വലിയ കൂനകളാക്കി ഇട്ടിരുന്നു. ഇതിന് എങ്ങനെ തീപിടിച്ചതെന്ന് വ്യക്തമല്ല.വിവരമറിഞ്ഞയുടൻ എത്തിയ കുത്തിയതോട് പൊലീസും പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജേശ്വരിയും വാർഡ് അംഗം സനീഷ് പായിക്കാടും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.