വട്ടിപ്പലിശാ കേന്ദ്രമാക്കി വീട്, മദ്ധ്യവയസ്കൻ അറസ്റ്രിൽ, തോക്കും മാൻകൊമ്പുമടക്കം പിടിച്ചെടുത്തു

Thursday 02 February 2023 1:48 AM IST

തൊടുപുഴ: വീട്ടിൽ അനധികൃതമായി പണമിടപാട് കേന്ദ്രം നടത്തിയ വട്ടിപ്പലിശക്കാരൻ പൊലീസ് പിടിയിലായി. തൊടുപുഴ മുതലക്കോടം പഴുക്കാകുളം കൊച്ചുപറമ്പിൽ ജോർജ് അഗസ്റ്റിനെയാണ് ഡിവൈ.എസ്.പി മധു ബാബുവിന്റെ നേതൃത്വത്വത്തിൽ വീട്ടിൽ റെയ്ഡ് നടത്തി പിടികൂടിയത്.

ജോർജ്ജിന്റെ സഹോദരന്മാരായ ടൈറ്റസ്, ബെന്നി എന്നിവരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. രണ്ടിടങ്ങളിൽ നിന്നുമായി അഞ്ചര ലക്ഷത്തോളം രൂപ, നിരവധി ആധാരങ്ങൾ, വാഹനങ്ങളുടെ ആർ.സി ബുക്കുകൾ, താക്കോലുകൾ, പാസ്‌പോർട്ട്, ചെക്ക് ലീഫുകൾ, മാൻകൊമ്പിന്റെ ഭാഗം എന്നിവ പൊലീസ് പിടിച്ചെടുത്തു. സാധാരണക്കാരായ ജനങ്ങളിൽ നിന്ന് ആധാരത്തിന്റ പകർപ്പുകളും ബാങ്ക് ചെക്കുകകളും വാഹനത്തിന്റെ താക്കോലും വാങ്ങി അമിത പലിശയ്ക്ക് പണം കൊടുക്കുകയായിരുന്നു ഇയാളുടെ രീതി.

ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. 45,000 രൂപ, തുകയെഴുതാതെ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ- 49, ഒരു ചെക്ക്ബുക്ക്, 40 വാഹനങ്ങളുടെ ഒറിജിനൽ ആർസി ബുക്ക്, ഒരാളുടെ പാസ്‌പോർട്ട്, ഇടപാടുകാരുടെ വസ്തുക്കളുടെ 15 ഒറിജിനൽ ആധാരങ്ങൾ, ഒപ്പിട്ട 32 ബ്ലാങ്ക് മുദ്രപ്പത്രങ്ങൾ, 60 പ്രോമിസറി നോട്ട്, ഒരു വാഹന വിൽപന ഉടമ്പടി, ഒരു പിസ്റ്റൾ, മാൻ കൊമ്പിന്റെ കഷ്ണം, ഇടപാടുകാരുടെ നാല് ഇരുചക്ര വാഹനങ്ങൾ, ഒരു കാർ, എന്നിവ പിടിച്ചെടുത്തു.

ജോർജ് അഗസ്റ്റിന്റെ വീടിന് പിന്നിൽ നിന്നാണ് വാഹനങ്ങൾ കണ്ടെടുത്തത്. പിസ്റ്റൾ ബാലിസ്റ്റിക് വിദഗ്ദ്ധർക്ക് പരിശോധനയ്ക്കായി കൈമാറും. മ്ലാവിൻ കൊമ്പ് വനം വകുപ്പ് ഏറ്റെടുത്തു. ഇയാൾക്കെതിരെ വനം വകുപ്പും കേസെടുക്കും. പ്രതിയുടെ സഹോദരൻ ടൈറ്റസിന്റെ വീട്ടിൽ നിന്നാണ് കണക്കിൽപ്പെടാത്ത അഞ്ചുലക്ഷം രൂപ പിടിച്ചെടുത്തത്. പണമിടപാടുകൾ ഈ വീടുമായി ബന്ധപ്പെട്ടാണ് നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു സഹോദരൻ ബെന്നിയുടെ വീടും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജോർജ്ജ് അഗസ്റ്റിനെ അനധികൃത പണം ഇടപാട് നടത്തൽ, അമിത പലിശ ഈടാക്കൽ എന്നീ വകുപ്പകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അമിത പലിശക്കാരെ നേരിടാനുള്ള സംസ്ഥാന വ്യാപകമായ റെയ്ഡിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. തൊടുപുഴ, മുട്ടം, കരിങ്കുന്നം, കരിമണ്ണൂർ സ്റ്റേഷനുകളിൽ നിന്നുള്ള വൻ പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. സർക്കിൾ ഇൻസ്‌പെക്ടർമാരായ സുമേഷ് സുധാകരൻ, പ്രിൻസ് ജോസഫ്, വി.സി. വിഷ്ണുകുമാർ, എസ്.ഐ ബൈജു പി. ബാബു എന്നിവർ നേതൃത്വം നൽകി.