ലീവ് കാശാക്കൂ, ഇളവ് നേടാം

Thursday 02 February 2023 4:36 AM IST

കൊച്ചി: ജോലിയിൽ നിന്ന് വിരമിക്കുന്ന സർക്കാർ ഇതര ജീവനക്കാർ നിലവിൽ ലീവ് കാശാക്കി മാറ്റുമ്പോൾ തുക മൂന്നുലക്ഷം രൂപയ്ക്കുമേലെയാണെങ്കിൽ നികുതി നൽകണം. 2002നുശേഷം ഇത് പരിഷ്‌കരിച്ചിട്ടില്ല. നികുതിയിളവിന്റെ പരിധി സർക്കാർ ജീവനക്കാർക്ക് തുല്യമായി ഇക്കുറി ബഡ്‌ജറ്റിൽ 25 ലക്ഷം രൂപയായി ഉയർത്തി.

നിലവിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത ആദായനികുതി നിരക്ക് 42.74 ശതമാനമാണ്. ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണിത്. രണ്ടുകോടി രൂപയ്ക്കുമേൽ വരുമാനമുള്ളവർക്ക് ചുമത്തിയിരുന്ന 37 ശതമാനം സർചാർജ് ഇന്നലെ 25 ശതമാനമായി കുറച്ചു. ഇതോടെ, മൊത്തം നികുതിനിരക്ക് 39 ശതമാനമാകും. പുതിയ നികുതി സ്ളാബിലുള്ളവർക്ക് മാത്രമാണ് നേട്ടം.

ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവുകളിലൂടെ 35,​000 കോടി രൂപയുടെ വരുമാന നഷ്‌ടം സർക്കാരിനുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. പുതിയ നികുതി നിർദേശങ്ങളിലൂടെ 3,​000 കോടി രൂപ ലഭിക്കും.