ആദായ നികുതി നേട്ടം പുതിയ സ്കീമിൽ, പിടിക്കുന്ന തുക കുറയും
കൊച്ചി: പുതിയ ആദായനികുതി സ്കീമിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനായി ഏഴു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി പൂർണമായും ഒഴിവാക്കി. പുതിയ സ്‌കീമിലെ സ്ളാബ് ഘടനയും പരിഷ്‌കരിച്ചു. നിലവിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന പഴയനികുതി സ്കീമിൽ മാറ്റമോ, ഇളവോയില്ല.
പഴയ സ്കീമിൽ തുടരണമെങ്കിൽ ഇനി ഓപ്ഷൻ നൽകണം. അല്ലെങ്കിൽ പുതിയതിലേക്ക് മാറിയതായി കണക്കാക്കും. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഏതാണ് താത്പര്യമെന്ന് അറിയിക്കണം. കഴിഞ്ഞ ബഡ്ജറ്റിൽ അവതരിപ്പിച്ച പുതിയ സ്കീമിൽ ചേർന്നവർ 20 ശതമാനം മാത്രം. ഇന്ത്യയിലാകെ 8 കോടി ആദായനികുതി ദായകരുണ്ട്.
റിബേറ്റ്
1. നിലവിൽ 5 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് 100 ശതമാനം റിബേറ്റുള്ളതിനാൽ ആദായനികുതി അടയ്ക്കേണ്ട. ഇത് പുതിയതും പഴയതുമായ സ്കീമുകൾക്ക് ബാധകമായിരുന്നു
2. ഇന്നലത്തെ ബഡ്ജറ്റിൽ പുതിയ സ്കീമിലുള്ളവർക്കു മാത്രമാണ് 7 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 100 ശതമാനം ഇളവ് അനുവദിച്ചത്. പഴയ സ്കീമിൽ ആനുകൂല്യം 5 ലക്ഷം വരെ മാത്രം
3. പഴയ സ്കീമിൽ ഇൻഷ്വറൻസ്, ഭവന വായ്‌പ, സേവിംഗ്‌സ് നിക്ഷേപങ്ങൾ, വീട്ടുവാടക തുടങ്ങി 70 ഓളം കാര്യങ്ങൾക്ക് ഇളവുണ്ട്. പുതിയ സ്കീമിൽ ഇത്തരം ഇളവുകളേ ലഭിക്കില്ല
പുതിയ സ്കീം
പുതിയ സ്കീം പ്രകാരം വാർഷിക വരുമാനം 7 ലക്ഷം കഴിഞ്ഞാൽ മൊത്തം
തുകയ്ക്കും നികുതി ഈടാക്കുന്നത് ഓരോ സ്ലാബിലും വരുന്ന തുകയായി വിഭജിച്ചാണ്. ഉദാഹരണത്തിന് പത്തു ലക്ഷമാണ് വരുമാനമെങ്കിൽ ,ആദ്യ മൂന്നു ലക്ഷത്തിനില്ല. അടുത്ത സ്ലാബിൽ വരുന്ന മൂന്നു ലക്ഷത്തിന് 5%. തൊട്ടടുത്ത സ്ലാബിലെ മൂന്നു ലക്ഷത്തിന് 10%. ഇപ്രകാരമാണ് സ്ലാബ് തിരിച്ചിരിക്കുന്നത്.
₹0-3 ലക്ഷം : നികുതിയില്ല
₹3-6 ലക്ഷം : 5%
₹6-9 ലക്ഷം : 10%
₹9-12 ലക്ഷം : 15%
₹12-15 ലക്ഷം : 20%
₹15 ലക്ഷം മുതൽ : 30%
നേട്ടം ഇങ്ങനെ
9 ലക്ഷം രൂപവരെ വരുമാനമെങ്കിൽ നിലവിൽ 60,000 രൂപ നികുതി അടയ്ക്കണം. പുതിയ സ്ളാബ് പ്രകാരം 45,000 രൂപയടച്ചാൽ മതി.
(0-3 ലക്ഷം നികുതിയില്ല. 3-6 ലക്ഷം രൂപവരെ - 15,000 രൂപ. 6-9 ലക്ഷം - 30,000 രൂപ. ആകെ 45,000 രൂപ).
15 ലക്ഷം രൂപവരെ വരുമാനമുള്ളയാളുടെ നികുതി ബാദ്ധ്യത 1,87,500 രൂപയിൽ നിന്ന് 1.5 ലക്ഷമായി കുറയും
പഴയ സ്കീം
₹0-2.5 ലക്ഷം : നികുതിയില്ല
₹2.5-5 ലക്ഷം : 5%
₹5-10 ലക്ഷം : 20%
₹10 ലക്ഷം മുതൽ : 30%
സ്റ്റാൻഡേർഡ് ഡിഡക്ഷൻ
പഴയ നികുതി സ്കീമിലുള്ളവർക്ക് ലഭിക്കുന്ന 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷനും പുതിയ സ്കീമുകാർക്ക് ലഭ്യമാക്കി. നികുതിബാധകമായ മൊത്ത വരുമാനത്തിൽ നിന്ന് 50,000 രൂപ കുറച്ചശേഷം ബാക്കിത്തുകയ്ക്ക് നികുതിയടച്ചാൽ മതി. പുതിയ സ്കീമിൽ വാർഷികവരുമാനം 15.5 ലക്ഷം രൂപയാണെങ്കിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 52,500 രൂപയാണ്.