ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു: യുവാക്കൾ അറസ്റ്റിൽ

Thursday 02 February 2023 12:13 AM IST

പൊൻകുന്നം: ഊണിന് കറിയായി നൽകിയ മീനിന്റെ വലിപ്പം കുറവാണെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ ആറുപേർ അറ​സ്റ്റിൽ. കൊല്ലം നെടുമൺ കുരുണ്ടിവിള പ്രദീഷ് (35), കൊല്ലം നെടുപന കളയ്ക്കൽകിഴക്കേതിൽ സഞ്ജു (23), നെടുപന മനു ഭവനിൽ മഹേഷ് (24), നെടുപന ശ്രീരാഗം അഭിഷേക് (23), കൊല്ലം നല്ലിള മാവിള അഭയ് (23), നല്ലിള അതുൽമന്ദിരം വീട്ടിൽ അമൽ (23) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇളംകുളം ഭാഗത്തുള്ള ഹോട്ടലിൽ ജോലി ചെയ്യുന്ന മധുകുമാർ എന്നയാളെയാണ് ആക്രമിച്ചത്. മധുകുമാർ സപ്ലയറായി ജോലി ചെയ്യുന്ന ഹോട്ടലിൽ ഇവർ കഴിഞ്ഞ ദിവസം ഉച്ചയോടെ ഭക്ഷണം കഴിച്ചതിനുശേഷം പുറത്തിറങ്ങി വീണ്ടും ഹോട്ടലിൽ കയറി, കറിയായി നൽകിയ മീനിന്റെ വലിപ്പം കുറവാണെന്നും, കറിയിലെ ചാറ് കുറഞ്ഞുപോയി എന്നും പറഞ്ഞു മധുവിനെ അസഭ്യം പറയുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി.