പാസ്റ്റർക്കെതിരെ ആക്രമണം, മൂന്നുപേർ പിടിയിൽ

Thursday 02 February 2023 12:13 AM IST

ഓച്ചിറ: വവ്വാക്കാവിന് സമീപം പ്രാർത്ഥനക്കിടയിൽ പെന്തക്കോസ് പാസ്റ്ററെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിലായി. കടത്തൂർ പുല്ലംപ്ലാവിൽ കിഴക്കതിൽ വിശ്വനാഥൻ മകൻ അക്ഷയനാഥ് (23), കടത്തൂർ ഹരി ഭവനം മോഹനൻ പിള്ള മകൻ ഹരിപ്രസാദ് (35), കടത്തൂർ ദേവി വിലാസം അശോക് കുമാർ മകൻ നന്ദു (22) എന്നിവരെയാണ് ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ എ.നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ജനുവരി 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വവ്വാക്കാവിന് പടിഞ്ഞാറ് വശത്തുള്ള പൈങ്കിളി കാഷ്യൂ ഫാക്ടറിയുടെ വളപ്പിനുള്ളിലെ കെട്ടിടത്തിൽ കഴിഞ്ഞ ഒരു മാസമായി പാസ്റ്റർ റെജി പാപ്പച്ചന്റെ നേതൃത്വത്തിൽ പെന്തകോസ്ത് സഭയുടെ പ്രാർത്ഥന നടന്നുവരികയായിരുന്നു. പൈങ്കിളി കാഷ്യൂ ഉടമ അമ്പിളി എന്ന് വിളിക്കുന്ന ജയചന്ദ്രന്റെ താത്പര്യപ്രകാരമാണ് ഇയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രാർത്ഥന നടന്നുവന്നിരുന്നത്. അതിൽ ജയചന്ദ്രന്റെ ബന്ധുക്കൾക്കും എതിർപ്പുണ്ടായിരുന്നു. ജയചന്ദ്രന്റെ ബന്ധുവിന്റെ നിർദ്ദേശപ്രകാരമാണ് അക്രമികൾ ഫാക്ടറിക്കുള്ളിൽ മതിൽ ചാടി കയറി പാസ്റ്ററെയും ഭാര്യയെയും ഭാര്യ മാതാവിനെയും മർദ്ദിച്ച് അവശരാക്കിയത്. അക്രമത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത മുഴുവൻ പേരെയും തിരിച്ചറിഞ്ഞിട്ടുള്ളതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. അന്വേഷണസംഘത്തിൽ ഓച്ചിറ പൊലീസ് സബ് ഇൻസ്പെക്ടർ നിയാസ്, സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, അനി, വിഷാന്ത് ,രാഹുൽ എന്നിവരും പങ്കെടുത്തു.