സിദ്ദീഖ് കാപ്പൻ ഇന്ന് പുറത്തിറങ്ങും
Thursday 02 February 2023 2:23 AM IST
ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ജയിലിൽ കഴിയുന്ന മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഇന്ന് മോചിപ്പിക്കും. ലക്നൗ ജില്ലാ കോടതി റിലീസിംഗ് ഓർഡറിൽ ഒപ്പു വയ്ക്കുകയും ജയിലിലേക്ക് അയക്കുകയും ചെയ്തു. ജാമ്യം ലഭിച്ചിട്ട് ഒരു മാസത്തിലേറെയായെങ്കിലും നടപടിക്രമങ്ങളിലുണ്ടായ കാലതാമസം മൂലമാണ് മോചനം വൈകിയത്. ഹത്രാസ് കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ സിദ്ദീഖ് കാപ്പനെ രാജ്യദ്രോഹക്കുറ്റം ചുമത്തി 2020 ഒക്ടോബറിലാണ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ നിയമപ്രകാരം പൊലീസ് രജിസ്റ്റർ ചെയ്തതും കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി രജിസ്റ്റർ ചെയ്തതുമായ രണ്ട് കേസുകളാണ് സിദ്ദീഖ് കാപ്പന്റെ പേരിലുള്ളത്. യു.എ.പി.എ കേസിൽ നേരത്തേ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇ.ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനെത്തുടർന്ന് ജയിലിൽ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം അലഹബാദ് കോടതിയാണ് ജാമ്യം അനുവദിച്ചത്.