കർണ്ണാടക സംഗീതജ്ഞ സി. ലളിതയ്ക്ക് വിട,ബോംബെ സഹോദരിമാരിൽ ഇളയത്
ചെന്നൈ: പ്രശസ്ത കർണ്ണാടക സംഗീതജ്ഞരായ ബോംബെ സഹോദരിമാരിലെ ഇളയ സഹോദരി സി. ലളിതയ്ക്ക് (85) ആദരാഞ്ജലി അർപ്പിച്ച് കലാലോകം. ചെന്നൈ അഡയാറിലെ വസതിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ഇന്നലെ ഉച്ചയ്ക്ക് 3ന് ബെസന്ത് നഗർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. തമിഴ്നാട് മുൻ അഡ്വക്കേറ്ര് ജനറൽ എൻ. ആർ. ചന്ദ്രനാണ് ഭർത്താവ്.
മുക്താംബാളിന്റെയും ചിദംബര അയ്യരുടെയും മക്കളായി തൃശ്ശൂരിലാണ് ജനനം. പിതാവിന് ബോംബെയിൽ ജോലി ലഭിച്ചതോടെയാണ് അവിടെയെത്തിയത്. ഒന്നര വയസിന് പ്രായവ്യത്യാസമുള്ള സി. സരോജ, സി. ലളിത സഹോദരിമാർ ചെറുപ്പകാലം മുതൽ വേദികളിൽ ഒന്നിച്ചു പാടി പേരെടുക്കുകയും പിന്നീട് ബോംബെ സഹോദരിമാർ എന്ന പേരിൽ അറിയപ്പെടുകയുമായിരുന്നു. മദ്രാസിലെ സെൻട്രൽ കോളേജ് ഒഫ് മ്യൂസിക്കിൽ നിന്ന് ഫെല്ലോഷിപ്പോടെ സംഗീത പഠനം. എച്ച്.എ.എസ് മണിയുടെയും മുസിരി സുബ്രഹ്മണ്യ അയ്യരുടെയും ടി.കെ. ഗോവിന്ദ റാവുവിന്റെയും ശിഷ്യരായിരുന്നു. മലയാളം, തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാഠി ഭാഷകളിൽ ഇവർ ആൽബങ്ങൾ പുറത്തിറക്കി. സപ്താഹം, സുന്ദര നാരായണ ഗുരുവായൂരപ്പൻ ഗാനാഞ്ജലി- രണ്ട് വാല്യങ്ങൾ എന്നിവയാണ് മലയാളത്തിലെ ആൽബങ്ങൾ.രാജ്യത്തിനകത്തും പുറത്തുമായി ഒട്ടനവധി കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.
2020ൽ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി.