വാട്ട്സ് ആപ്പ് നൽകിയ ഉറപ്പ് പ്രസിദ്ധപ്പെടുത്തണം - സുപ്രീം കോടതി
Thursday 02 February 2023 2:30 AM IST
ന്യൂഡൽഹി:സ്വകാര്യത സംബന്ധിച്ച 2021 ലെ വാട്ട്സ് ആപ്പ് നയം സംബന്ധിച്ച് വാട്ട്സ് ആപ്പ് നൽകിയ ഉറപ്പ് പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീം കോടതി. ഉപയോക്തൃ നയം സംബന്ധിച്ച് 2021 ൽ കേന്ദ്ര സർക്കാരിന് നൽകിയ ഉറപ്പുകൾ പ്രസിദ്ധപ്പെടുത്തണമെന്നാണ് ജസ്റ്റിസ് കെ.എം ജോസഫ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ നിർദ്ദേശം. ഇത് അഞ്ച് ദേശീയ പത്രങ്ങളിൽ ഒരു പേജ് മുഴുവനായ പരസ്യമായി നൽകണം. നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് ഡാറ്റ സംരക്ഷണ നിയമം നടപ്പിലാകുന്നത് വരെ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നതിന് പ്രശ്നമുണ്ടാകില്ലെന്ന നിലപാട് ഉറപ്പ് വരുത്തണം. വാട്ട്സ് ആപ്പിന്റെ സ്വകാര്യത നയം ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നത് ഏപ്രിൽ 10 ലേക്ക് മാറ്റിവെച്ചു.