പെഷവാർ ആക്രമണം: 23 പേർ അറസ്‌റ്റിൽ

Thursday 02 February 2023 6:18 AM IST

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ 100ലേറെ പേരുടെ ജീവനെടുത്ത പെഷവാറിലെ മുസ്ലിം പള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 23 പേർ അറസ്റ്റിൽ. പൊലീസ് സ്റ്റേഷൻ സമുച്ചയത്തോട് ചേർന്ന് അതീവ സുരക്ഷാ വലയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുള്ളിലേക്ക് ചാവേർ എങ്ങനെ നുഴഞ്ഞുകയറിയെന്ന അന്വേഷണത്തിലാണ് പൊലീസ്. സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് സഹായം കിട്ടിയോ എന്ന സാദ്ധ്യത തള്ളുന്നില്ലെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും പൊലീസ് പറയുന്നു. ചാവേർ 12 കിലോ സ്ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാൻ ( തെഹ്‌രീക് - ഇ - താലിബാൻ പാകിസ്ഥാൻ - ടി.ടി.പി) ആദ്യം ഏറ്റെടുത്തിരുന്നെങ്കിലും പിന്നീട് തള്ളിയിരുന്നു. അതിനിടെ,​ ആക്രമണത്തിന് പിന്നാലെ പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് രംഗത്തെത്തി. പള്ളിയിൽ പ്രാർത്ഥനാ സമയത്ത് വിശ്വാസികൾക്കിടെ മുൻനിരയിൽ കയറിക്കൂടിയാണ് ചാവേർ പൊട്ടിത്തെറിച്ചത്. ' ഇന്ത്യയിലും ഇസ്രയേലിലും പോലും വിശ്വാസികൾ പ്രാർത്ഥനാ സമയത്ത് കൊല്ലപ്പെടുന്നില്ല. പക്ഷേ, പാകിസ്ഥാനിൽ അത് സംഭവിച്ചു" ഖവാജ പാർലമെന്റിൽ പറഞ്ഞു. മനുഷ്യരുടെ ജീവൻ കവരാൻ മതത്തിന്റെ പേരിൽ തീവ്രവാദത്തെ ഉപയോഗിക്കുന്നുവെന്നും ഇതിനെതിരെ രാജ്യം ഒ​റ്റക്കെട്ടായി നിൽക്കണമെന്നും ഖവാജ പറഞ്ഞു.