പരസ്യമായി നൃത്തം ചെയ്തു: ഇറാനിൽ യുവാവിനും യുവതിക്കും 10 വർഷം തടവ് ശിക്ഷ

Thursday 02 February 2023 6:18 AM IST

ടെഹ്‌റാൻ : തെരുവിൽ ഒരുമിച്ച് നൃത്തം ചെയ്ത യുവാവിനും യുവതിക്കും പത്ത് വർഷവും ആറ് മാസവും തടവ് വിധിച്ച് ഇറാൻ ഭരണകൂടം. ജയിൽ ശിക്ഷ കഴിഞ്ഞാൽ രണ്ട് വർഷത്തേക്ക് ഇവർക്ക് ഇറാൻ വിടാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ അനുവാദമില്ല. അമീർ മുഹമ്മദ് അഹ്‌മ്മദി പ്രതിശ്രുത വധു അസ്തിയാസ് ഹഘീഘീ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

ടെ‌ഹ്‌റാനിലെ ഫ്രീഡം ടവറിന് മുന്നിൽ നിന്ന് രാത്രി നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്ര് ചെയ്യുകയും ഇത് വൈറലായതോടെ കഴിഞ്ഞ നവംബറിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അസ്തിയാസ് ശിരോവസ്ത്രം ഉപയോഗിച്ചിരുന്നില്ല. ഇത് രാജ്യത്തെ മതനിയമങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോടതി വിലയിരുത്തി.അറസ്റ്റിന് മുന്നേ അസ്തിയാസിന്റെ വീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. ഇറാനിൽ പൊതുഇടങ്ങളിൽ സ്ത്രീകൾക്ക് നൃത്തം ചെയ്യാൻ അനുവാദമില്ല. ഹിജാബ് അടക്കമുള്ള ശിരോവസ്ത്രങ്ങളും നിർബന്ധമാണ്.

ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബർ 16ന് ഇറാനിൽ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രതിഷേധങ്ങളെ അതിക്രൂരമായി അടിച്ചമർത്തിയ ഇറാൻ പതിനായിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്യുകയും നാല് പേരെ തൂക്കിലേറ്റുകയും ചെയ്തു. 500ലേറെ പ്രതിഷേധക്കാർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു.