കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ്; രണ്ട് പേരെക്കൂടി പ്രതിചേർത്തു, സി പി എം നേതാവിനെതിരെ തെളിവില്ലെന്ന് പൊലീസ്

Thursday 02 February 2023 6:55 AM IST

ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ രണ്ട് പേരെക്കൂടി പ്രതിചേർത്തു. സി പി എം നേതാവ് ഷാനവാസിന്റെ കൈയിൽ നിന്ന് ലോറി വാടകയ്‌ക്കെടുത്ത ഇടുക്കി സ്വദേശി ജയൻ, മറ്റൊരു ലോറി ഉടമ അൻസാർ എന്നിവരെയാണ് പ്രതിചേർത്തത്. ഇരുവരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

തന്റെ ലോറി വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്ന് അൻസാർ പറഞ്ഞിരുന്നെങ്കിലും ഇതിന്റെ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് കേസിൽ പ്രതിചേർത്തത്. അതേസമയം, ലഹരിക്കടത്ത് കേസിൽ ഷാനവാസിന്റെ പങ്ക് കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. ഷാനവാസ് ഹാജരാക്കിയ വാടക കരാർ വ്യാജമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി എട്ടിനാണ് തൊണ്ണൂറ്റിയെട്ട് ചാക്കുകളിൽ കടത്താൻ ശ്രമിച്ച ഒന്നേകാൽ ലക്ഷം പാൻമസാല പാക്കറ്റുകൾ കരുനാഗപ്പള്ളിയിൽ വച്ച് പൊലീസ് പിടികൂടിയത്. കേസിൽ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.