മീൻ കഷ്ണം ചെറുത്, കറിയിൽ ചാറ് കുറവ്; ഭക്ഷണം കഴിച്ചിറങ്ങിയ കൊല്ലം സ്വദേശികൾ തിരിച്ചെത്തി ഹോട്ടൽ ജീവനക്കാരനെ മർദിച്ചു
Thursday 02 February 2023 8:15 AM IST
കോട്ടയം: ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരനെ മർദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ. നെടുപന കളയ്ക്കൽകിഴക്കേതിൽ വീട്ടിൽ എസ് സഞ്ജു (23), നെടുപന മനുഭവൻ വീട്ടിൽ മഹേഷ് ലാൽ (24), നെടുമൺ കടുക്കോട് കുരുണ്ടിവിളവീട്ടിൽ പ്രദീഷ് മോഹൻദാസ് (35), നെടുപന ശ്രീരാഗംവീട്ടിൽ അഭിഷേക് (23), നല്ലിള മാവിള വീട്ടിൽ അഭയ് രാജ് (23), നല്ലിള അതുൽമന്ദിരം വീട്ടിൽ അമൽ ജെ കുമാർ (23) എന്നിവരെയാണ് പൊൻകുന്നം പൊലീസ് പിടികൂടിയത്.
പൊൻകുന്നം ഇളങ്ങുളം ഭാഗത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ മധുകുമാറിനെയാണ് പ്രതികൾ ആക്രമിച്ചത്. മീനിന്റെ വലിപ്പവും കറിയിലെ ചാറും കുറവാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഊണ് കഴിച്ച് പോയ ആറംഗ സംഘം തിരിച്ചെത്തി മർദിക്കുകയായിരുന്നു.