ഓസ്‌ട്രേലിയയുടെ കറൻസി നോട്ടിൽ നിന്ന് എലിസബത്ത് രാജ്ഞിയുടെ രേഖാചിത്രം നീക്കം ചെയ്യുന്നു, പകരമെത്തുക ചാൾസ് രാജാവല്ല

Thursday 02 February 2023 11:12 AM IST

കാൻബറ: ഓസ്‌ട്രേലിയയുടെ കറൻസി നോട്ടിൽ നിന്ന് എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം മാറ്റുന്നു. ഓസ്ട്രേലിയയുടെ എ ഡോളർ അഞ്ച് കറൻസി നോട്ടിൽ നിന്നാണ് രാജ്ഞിയുടെ ചിത്രം മാറ്റി പകരം മറ്റൊരു ഡിസൈൻ കൊണ്ടുവരുന്നത്. രാജ്യത്തിന്റെ തദ്ദേശീയ സംസ്കാരം ഉയർത്തിക്കാട്ടുന്നതിന്റെയും ആദരിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഓസ്ട്രേലിൻ സെൻ‌ട്രൽ ബാങ്ക് വ്യക്തമാക്കി. സർക്കാരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നും റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ കൂട്ടിച്ചേർത്തു. നോട്ടിന്റെ മറുവശത്ത് ഓസ്ട്രേലിൻ പാർലമെന്റിന്റെ ഛായാചിത്രം തന്നെ തുടരും.

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് ശേഷം നോട്ടിൽ രാജ്ഞിയ്ക്ക് പകരമായി ചാൾസ് രാജാവിന്റെ ചിത്രമായിരിക്കില്ല പ്രിന്റ് ചെയ്യുകയെന്ന് കഴിഞ്ഞ സെപ്തംബറിൽ ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ തന്നെയാകും നോട്ടിൽ ഇടംപിടിക്കുകയെന്നും സർക്കാർ കൂട്ടിച്ചേർത്തു. നോട്ടിൽ രാജ്ഞിയുടെ ഛായാചിത്രം ഉൾപ്പെടുത്താൻ കാരണം അവരുടെ വ്യക്തിത്വമാണെന്നും മറിച്ച് രാജ്ഞി എന്ന അർത്ഥത്തിലല്ലെന്നും അധികൃതർ പറഞ്ഞു.

തദ്ദേശവാസികളുമായി കൂടിയാലോചന നടത്തി ഭരണഘടനയിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതിനിടെയാണ് കറൻസി നോട്ടിൽ മാറ്റം വരുത്താനുള്ള തീരുമാനം പുറത്തുവന്നിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെത്തുടർന്ന് ഭരണഘടനാപരമായ രാജവാഴ്ച തുടരണോയെന്നതിൽ ഓസ്ട്രേലിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. 1999ലെ റെഫറണ്ടം പ്രകാരം രാജ്യത്തിന്റെ മേധാവിയായി ബ്രിട്ടീഷ് രാജാവ് തന്നെ തുടരട്ടെയെന്നാണ് വോട്ടെടുപ്പിൽ തീരുമാനമായത്.

അതേസമയം, രാജ്ഞിയുടെ രേഖാചിത്രം ഒഴിവാക്കി പുതിയ ഡിസൈൻ രൂപകൽപ്പന ചെയ്യുന്നതിന് വർഷങ്ങൾ വേണ്ടിവരുമെന്നും അതിനാൽ അതുവരെ നിലവിലെ കറൻസി നോട്ട് തന്നെ തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.