പാകിസ്ഥാനിൽ മുട്ടില്ലാതെയുള്ളത് പട്ടിണിയും പരിവട്ടവും മാത്രം, വരാനിരിക്കുന്നത് മറ്റൊരു കടുത്ത പ്രതിസന്ധി, മുന്നറിയിപ്പുമായി വ്യാപാരികൾ

Thursday 02 February 2023 12:20 PM IST

കറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്ഥാനിൽ അവശ്യവസ്തുക്കളുടെ ക്ഷാമത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി വ്യാപാരികൾ. അധികം വൈകാതെ തന്നെ പാചക എണ്ണയും, നെയ്യും കിട്ടാത്ത അവസ്ഥയുണ്ടാവും എന്നാണ് വ്യാപാരികൾ പറയുന്നത്. പലയിടങ്ങളിലും ഇവയ്ക്ക് ഇപ്പോൾത്തന്നെ ദൗർലഭ്യം നേരിടുന്നുണ്ട്. അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി ബാങ്കുകൾ ലെറ്റർ ഓഫ് ക്രെഡിറ്റ് (അന്താരാഷ്ട്ര വ്യാപാരത്തിൽ ബാങ്കിൽ നിന്ന് ചരക്ക് കയറ്റുമതിക്കാരന് സാമ്പത്തിക ഗ്യാരണ്ടി നൽകുന്നതിന് ഉപയോഗിക്കുന്ന പേയ്മെന്റ് സംവിധാനം) തുറന്നുതന്നില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. പ്രശ്നം ഇതുവരെ കാണാത്ത അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുമെങ്കിലും സർക്കാർ അനങ്ങുന്നില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു.

നേരത്തേ തന്നെ കടുത്ത പ്രതിസന്ധിയിലായിരുന്ന പാകിസ്ഥാനിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയായിരുന്നു. വിദേശ കറസൻസിയുടെ കരുതൽ ശേഖരം നാമമാത്രമാണ്. കഷ്ടിച്ച് മൂന്നാഴ്ചത്തെ ഇറക്കുമതിക്കുപോലും ഇത് തികയില്ല. പ്രതിസന്ധിയുടെ കാഠിന്യം കുറയ്ക്കുന്നതിനായി തടഞ്ഞുവച്ചിരിക്കുന്നത് ഉൾപ്പടെയുള്ള ഫണ്ടുകൾ ലഭിക്കുന്നതിനായി അന്താരാഷ്ട്ര നാണയനിധിയുമായി പാക് ഭരണകൂടം ചർച്ച നടത്തുന്നുണ്ടെങ്കിലും അതും കാര്യമായ തോതിൽ മുന്നോട്ടുപോകുന്നില്ല. സഹായം നൽകാനായി സുഹൃത് രാജ്യമായ ചൈന ഉൾപ്പടെയുള്ളവരാരും മുന്നോട്ടുവന്നിട്ടുമില്ല.

വൈദ്യുതി, പെട്രോൾ, ഡീസൽ തുടങ്ങിയവയ്ക്ക് ഇപ്പോൾ തന്നെ കടുത്ത നിയന്ത്രണമാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. എ സിയും വൈദ്യുത വിളക്കുകളും ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിനായി ഹാളുകളുടെ വാതിലുകളും ജനാലകളും തുറന്നിട്ട് വിവാഹങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകൾ നടത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു.ചിലയിടങ്ങളിൽ ഭക്ഷ്യധാന്യത്തിന് റേഷൻ സംവിധാനം ഏർപ്പെടുത്താൻ പോകുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

Advertisement
Advertisement