വെറുതേയങ്ങ് കഴിച്ചാൽ പോര, അതിനും ചില നിയമങ്ങളൊക്കെയുണ്ട്, അറിയാം പത്ത് ഊണ് നിയമങ്ങളെക്കുറിച്ച്

Thursday 02 February 2023 1:53 PM IST

ഭക്ഷണം രുചിയോടെ ആസ്വദിച്ച് കഴിക്കണം. എങ്കിലേ അതുകൊണ്ട് ഗുണം കിട്ടൂ എന്നാണ് ആചാര്യന്മാർ പറയുന്നത്. ഇപ്പോൾ ആരും ഇതൊന്നും ശ്രദ്ധിക്കാറില്ല. അതിന്റെ ഫലം അനുഭവിക്കുന്നുമുണ്ട്. ഉണ്ണേണ്ടത് പത്തുരീയിൽ തന്നെ വേണമെന്നാണ് വിധിമതം.

ചൂടോടെ ഉണ്ണണം

കഴിക്കേണ്ടത് ചൂടുള്ള ഭക്ഷണമാണ്. ചൂടുണ്ടെങ്കിലേ രുചി ഉണ്ടാവൂ. ഇങ്ങനെ കഴിക്കുന്നതിലൂടെ വയറിനുളളിലെ വായുവിനെ നേർവഴിക്കാക്കാൻ കഴിയും. ചൂട് ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിലെ കഫത്തിന്റെ അളവ് കൂടാതെ നോക്കും എന്നാണ് ആയുർവേദം പറയുന്നത്.

മയമുളളതുണ്ണണം

മയമുള്ളതാണ് കഴിക്കേണ്ടത്. അതായത് ആവശ്യത്തിന് വെന്ത ഭക്ഷണം. ഇത് ശരീരത്തെ പോഷിപ്പിക്കുകയും കണ്ണ് ഉൾപ്പടെയുള്ള ഇന്ദ്രിയങ്ങളെ കരുത്തുറ്റതാക്കുകയും ചെയ്യും. ഇതിനാെപ്പം ശരീര സൗന്ദര്യം നിലനിറുത്തുന്നതിനും സഹായിക്കുന്നു.

അളവറിഞ്ഞ് കഴിക്കണം

അളവറിഞ്ഞുവേണം കഴിക്കേണ്ടത്. എത്ര രുചികരമായ ഭക്ഷണമായാലും വിശപ്പ് മാറിയാൽ കഴിക്കുന്നത് ഒഴിവാക്കണം. അളവറിഞ്ഞ് ഭക്ഷണംകഴിച്ചാൽ ദേഹത്തിൽ വാത-പിത്ത കഫങ്ങളുടെ സന്തുലനാവസ്ഥ തകരാറിലാവാതെ ആയുസ് വർദ്ധിപ്പിക്കും.

ദഹിച്ചശേഷമുണ്ണണം

ആദ്യം കഴിച്ച ഭക്ഷണം പൂർണമായി ദഹിച്ചശേഷം മാത്രമേ വീണ്ടും കഴിക്കാവൂ.ദഹിക്കാതെ വീണ്ടും കഴിച്ചാൽ ശരീരത്തിന്റെ സംതുലനാവസ്ഥ ആകെ തകരാറിലാവും. ദഹിച്ച ശേഷംമാത്രം വീണ്ടും കഴിച്ചാൽ ആയുസ് കൂടുകയും രോഗങ്ങൾ അകലുകയും ചെയ്യും.

വിരുദ്ധമായത് വേണ്ട

എത്ര രുചികരമായതായിരുന്നാലും വിരുദ്ധമായ ആഹാരങ്ങൾ ഉപേക്ഷിക്കുക തന്നെവേണം. പരസ്പരം ചേരാത്ത ഭക്ഷണങ്ങൾ ഉള്ളിലെത്തിയാൽ വിഷാംശമുണ്ടാവുകയും ശരീരസ്ഥിതി അപകടത്തിലാവുകയും ചെയ്യും. ചൂടുചോറിനൊപ്പവും മത്സ്യ മാംസാദികൾക്കൊപ്പവും തൈര് ചേർക്കുക, പുളിയുള്ള പഴങ്ങളും പാലും ഒരുമിച്ച് കഴിക്കുക തുടങ്ങിയ ഒഴിവാക്കേണ്ടതാണ്.

അവനവനെ അറിഞ്ഞുണ്ണണം

കഴിക്കുന്ന ഭക്ഷണങ്ങൾ തനിക്ക് പ്രശ്നമുണ്ടാക്കുന്നതാണോ എന്ന് തിരിച്ചറിഞ്ഞിട്ടുവേണം കഴിക്കേണ്ടത്. പ്രശ്നമുണ്ടാക്കുന്നതാണെങ്കിൽ അവ ഉപേക്ഷിക്കണം.

സുഖമായുണ്ണണം

മനസിന് സമാധാനം തരുന്നിടത്ത് ഇരുന്നുവേണം ഭക്ഷണം കഴിക്കേണ്ടത്. അതുപോലെ കഴിക്കുന്ന ഭക്ഷണത്തെ ബഹുമാനിക്കുകയും വേണം. എങ്കിലേ കഴിക്കുന്നതുകൊണ്ട് ശരീരത്തിന് പ്രയാേജനപ്പെടൂ. മനസിന് ഇഷ്ടപ്പെടാത്ത സ്ഥലത്തിരുന്ന് കഴിച്ചാൽ ഭക്ഷണത്തോടും വെറുപ്പ് തോന്നും.


തിടുക്കം വേണ്ട

ഒരിക്കലും വേഗത്തിൽ ഭക്ഷണം കഴിക്കരുത്. തിടുക്കപ്പെട്ട് കഴിച്ചാൽ ഭക്ഷണം വഴിമാറാൻ സാദ്ധ്യതയുണ്ട്. അതുപോലെ രുചി അറിയുകയും ഇല്ല. ദഹനപ്രശ്നത്തിനും സാദ്ധ്യതയുണ്ട്. അതിനാൽ സമയമെടുത്തുതന്നെ ഭക്ഷിക്കുക.

തീരെ പതുക്കെയും വേണ്ട

സമയമെടുത്ത് കഴിക്കണം എന്നതുകൊണ്ട് ഒരുപാടുനേരംകൊണ്ട് കഴിച്ചുതീർക്കുക എന്നല്ല അർത്ഥമാക്കുന്നത്. അങ്ങനെയായാൽ വയർ നിറയുന്നത് അറിയില്ല.ഇത് കൂടുതൽ കഴിക്കാൻ ഇടയാക്കുകയും അമിതവണ്ണത്തിനും ഒട്ടനവധി രോഗങ്ങൾ ഉണ്ടാവുന്നതിന് കാരണമാവുകയും ചെയ്യും.

സംസാരം വേണ്ട

ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നതും തമാശപറയുന്നതും ചിരിക്കുന്നതും ഒഴിവാക്കുക. ഇങ്ങനെ ചെയ്താൽ ചിലപ്പോൾ ജീവൻ തന്നെ അപകടത്തിലായേക്കാം. അതിവേഗം ഉണ്ണുന്നതിലെ കുഴപ്പങ്ങളും ഉണ്ടാവും.

Advertisement
Advertisement