പീഡനക്കേസിൽ സിനിമ നിർമ്മാതാവ് മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ, പിടിയിലായത് ആട്- തേക്ക്- മാഞ്ചിയം  തട്ടിപ്പിലെ വിവാദ നായകൻ

Thursday 02 February 2023 4:32 PM IST

കൊച്ചി: സിനിമാ നിർമ്മാതാവും വിവാദ വ്യവസായിയുമായ മാർട്ടിൻ സെബാസ്റ്റ്യനെ ലൈംഗിക പീഡനക്കേസിൽ പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ സ്വദേശിനിയുടെ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്. സിനിമയിൽ അവസരവും വിവാഹവാഗ്ദ്ധാനവും നൽകി 2000 മുതൽ വയനാട്, മുംബയ്, തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. 78,60,000 രൂപയും 80 പവൻ സ്വർണവും തട്ടിയെടുത്തു എന്നും പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ മാസമാണ് യുവതി പരാതിയുമായി എറണാകുളം സെൻട്രൽ പൊലീസിനെ സമീപിച്ചത്. തുടർന്ന് കേസെടുത്തെങ്കിലും മാർട്ടിൻ മുൻകൂർ ജാമ്യം നേടിയിരുന്നു.

ജാമ്യം നൽകിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാവാൻ നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞദിവസം ചോദ്യംചെയ്യലിന് ഹാജരായിരുന്നു. ഇന്ന് വീണ്ടും ചോദ്യംചെയ്യലിന് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.

1986-1992 കാലഘട്ടത്തിലെ ആട്- തേക്ക്- മാഞ്ചിയം തട്ടിപ്പുകേസിലൂടെ വിവാദ നായകനായ വ്യക്തിയാണ് മാർട്ടിൻ. നിരവധി പേരാണ് അന്നത്തെ തട്ടിപ്പിന് ഇരയായത്. അതിനുശേഷം സി.എസ്.മാർട്ടിൻ എന്ന് പേരുമാറ്റിയശേഷം സിനിമാ നിർമ്മാണം ഉൾപ്പടെയുള്ളവയിൽ സജീവമായിരുന്നു.