100 കോടി കൈപ്പറ്റി, ഡൽഹി മദ്യനയ അഴിമതിയിൽ കെജ്‌രിവാളിനും പങ്ക്, ആംആദ്മിക്കെതിരെ ഇഡിയുടെ കുറ്റപത്രം

Thursday 02 February 2023 6:44 PM IST

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കെജ്‌രിവാളിനും കേസിൽ പങ്കുണ്ടെന്ന് ഇ.ഡിയുടെ ആരോപണം,​ തെക്കേ ഇന്ത്യയിൽ നിന്ന് മാത്രം മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ എ.എ.പി കൈപ്പറ്റിയെന്നും ഈ തുക ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

തെക്കേ ഇന്ത്യയിലെ മദ്യക്കമ്പനികളിൽ നിന്ന് 100 കോടി രൂപ എ.എ.പിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻ ചാർജ് വിജയ് നായർ വാങ്ങിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സമീർ മഹേന്ദ്രു എന്ന മദ്യക്കമ്പനി ഉടമയുമായി കെജ്‌രിവാൾ വിജയ് നായർ മുഖേന മുഖാമുഖം സംസാരിച്ചെന്നും ഇ.ഡി പറയുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ,​ എ.എ.പി നേതാക്കളായ വിജയ് നായർ,​ സഞ്ജീവ് സിംഗ്,​ മദ്യക്കമ്പനി ഉടമ അമിത് അറോറ എന്നിവരുടെ പേരുകൾ കുറ്റപത്രത്തിലുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിത,​ വൈ.എസ്.ആർ കോൺഗ്രസ് എം.പി. ശ്രീനിവാസ് റെഡ്ഡി,​ അരവിന്ദോ ഫാർമ ഉടമ ശരത് റെഡ്ഡി എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

അതേസമയം കുറ്റപത്രം പൂർണമായും കെട്ടുകഥയാമെന്ന് കെജ്‌രിവാൾ പ്രതികരിച്ചു. സർക്കാരുകളെ അട്ടിമറിക്കാനും എം.എൽ.എമാരെ വിലയ്ക്ക് വാങ്ങാനും വേണ്ടിയാണ് ഇ.ഡി ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു.