നെയ്യാറ്റിൻകര താലൂക്കിലെ മരച്ചീനി കർഷകർ ഭീതിയിൽ

Friday 03 February 2023 1:53 AM IST

പാറശാല: കാലാവസ്ഥാ വ്യതിയാനം,കീടാക്രമണം,അഴുകൽ രോഗം തുടങ്ങിയ കാരണങ്ങളാൽ നെയ്യാറ്റിൻകര താലൂക്കിലെ മരച്ചീനി കർഷകർ ഭീതിയിലെന്നറിഞ്ഞതിനെത്തുടർന്ന്,കേന്ദ്ര കിഴങ്ങുവിള ഗവേഷണ സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.കീടരോഗ നിയന്ത്രണ വിഭാഗം മേധാവി ഡോ.എം.എൽ.ജീവയുടെ നേതൃത്വത്തിലെത്തിയ സംഘം പാരമ്പര്യ മരച്ചീനി കർഷകരായ റസൽപുരം നാരായണൻ,പാറശാല അനിൽകുമാർ,ജഗദീഷ് എന്നിവരുടെ തോട്ടങ്ങളും സന്ദർശിച്ചു.സി.ടി.സി.ആർ.ഐയും കൃഷിഭവനും സംയുക്തമായി നടത്തിയ പഠനത്തിലൂടെ കിഴങ്ങുവിള കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടുകണ്ട് മനസിലാക്കിയ സംഘം തുടർച്ചയായി കർഷകർക്കുണ്ടാകുന്ന കൃഷിനാശനഷ്ടങ്ങൾക്ക് വിള പരിക്രമണത്തിലൂടെ മാത്രമേ മാറ്റമുണ്ടാക്കൻ കഴിയൂവെന്ന് അഭിപ്രായപ്പെട്ടു.സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ഷേർലി റെയ്ച്ചൽ അനിൽ,സീനിയർ സയന്റിസ്റ്റ് ഡോ.ഇ.ആർ.ഹരീഷ്,സി.ടി.സി.ആർ.ഐ സീനിയർ ടെക്‌നീഷ്യൻ ഡി.ടി.രജിൻ,കൃഷി ഓഫീസർ ലീന,എ.ടി.കൃഷി അസിസ്റ്റന്റ് ശ്രീജു.എസ്.ജെ,എബിൻ എസ്.എം,സുജിൻ.എസ് എന്നിവരാണ് സംഘത്തിലുള്ളത്.