നെഞ്ചിൽ പാഡ് കെട്ടി നടക്കേണ്ടി വന്നു, സ്‌തന ശസ്ത്രക്രിയ ചെയ്യാൻ പോലും നിർദ്ദേശിച്ചെന്ന് സമീറ റെഡ്ഡി

Friday 03 February 2023 6:00 AM IST

ബോളിവുഡിലെ ഇരുണ്ട വശത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി സമീറ റെഡ്ഡി. കരിയറിന്റെ തുടക്കകാലത്ത് പലരും തന്നോട് ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ താൻ അത് നിരസിക്കുകയായിരുന്നെന്നും സമീറ റെഡ്ഡി പറയുന്നു. പത്തുവർഷം മുൻപ് ബോളിവുഡ് പ്ളാസ്റ്റിക് സർജറിയുടെ പിന്നാലെയായിരുന്നു. മൂക്ക് അല്ലെങ്കിൽ അസ്ഥികളുടെ ഘടന എന്നിവ മാറ്റുന്നതിനായിരുന്നു അത്.

എനിക്ക് നെഞ്ചിൽ എപ്പോഴും പാഡ് കെട്ടി നടക്കേണ്ടിവന്നിട്ടുണ്ട്. ജോലിയുടെ ഭാഗമെന്നായിരുന്നു പറഞ്ഞിരുന്നത്. ഭ്രാന്തമായ ഒരു കാലഘട്ടമായിരുന്നു അത്. പ്ളാസ്റ്റിക് സർജറിയെക്കുറിച്ച് സിനിമാലോകത്ത് പലരും തുറന്നു പറഞ്ഞിരുന്നതിനാൽ സ്‌തന ശസ്ത്രക്രിയ ചെയ്യാൻ പോലും തനിക്ക് നിർദ്ദേശം ലഭിച്ചു. എന്നാൽ ഇതു വേണോ? ഒരു നടി എന്ന നിലയിൽ ഇത് ചെയ്യേണ്ടതുണ്ടോ? എന്താണ് ഇതിന്റെയൊക്കെ ആവശ്യം എന്ന് ഞാൻ ആലോചിച്ചു. അതിനു പിന്നാലെ ഒരു തീരുമാനം എനിക്ക് എടുക്കാനായതിൽ സന്തോഷമുണ്ട്. എന്നാൽ ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്നവരോട് വിരോധമില്ല - അവർക്കു അതു സന്തോഷം നൽകുന്നുണ്ടാകും. അവരെ വിലയിരുത്താൻ ഞാൻ ആരുമല്ല. സമീറ റെഡ്ഡി പറഞ്ഞു. മോഹൻലാൽ ചിത്രം ഒരു നാൾ വരവിലൂടെ സമീറ മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.