ഉള്ളുപൊള്ളി കണ്ണൂർ
കണ്ണൂർ: ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ച ദാരുണമായ സംഭവത്തിന്റെ ഞെട്ടലിലായിരുന്നു ഇന്നലെ കണ്ണൂരും സമീപപ്രദേശങ്ങളും.സംഭവത്തിന് സാക്ഷിയായവർക്ക് ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദുരന്താനുഭവമായിരുന്നു അത്.
ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറിന്റെ മുന്നിൽ തീപിടിച്ചാണ് അപകടം. പിന്നിൽ വാഹനത്തിൽ വന്നവരാണ് കാർ കത്തുന്ന കാഴ്ച കണ്ടത്. രക്ഷിക്കാൻ വേണ്ടി കൈകൾ പുറത്തേക്കിട്ട് നിലവിളിക്കുന്ന ദൃശ്യങ്ങൾ കാണമായിരുന്നു എന്നും ഇവർ പറയുന്നു.
മുന്നിലിരുന്ന ആൾ പിന്നിലെ ഡോർ തുറന്ന് കൊടുത്തിട്ടാണ് പിന്നിലിരുന്നവർ പുറത്തിറങ്ങിയതെന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. മുന്നിലെ ഡോർ തുറക്കാൻ സാധിച്ചിരുന്നില്ല. ബാക്ക്സീറ്റിലിരുന്നവർ ഇറങ്ങിയോടിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെടാൻ സാധിച്ചതെന്നാണ് ദൃക്സാക്ഷികളുടെ വിവരണം. ഇല്ലെങ്കിൽ ഇവരും ദുരന്തത്തിൽ ഉൾപ്പെടുമായിരുന്നു. പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു. ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തിയാണ് തീയണക്കാൻ ശ്രമിച്ചത്. അപ്പോഴേക്കും മുൻസീറ്റിലിരുന്ന രണ്ട് പേരുടെ അന്ത്യം സംഭവിച്ചിരുന്നു.