ബി.എസ്.എൻ.എൽ സഹകരണ സംഘം തട്ടിപ്പ് : സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു

Friday 03 February 2023 3:59 AM IST

 ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണസംഘത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഘം സെക്രട്ടറിയും ബി.എസ്.എൻ.എൽ മുൻ പോസ്റ്റ് ഡിവിഷണൽ എൻജിനിയറുമായിരുന്ന കെ.വി. പ്രദീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. ബുധനാഴ്ച വഞ്ചിയൂർ പൊലീസ് അറസ്റ്റുചെയ്‌ത പ്രദീപിനെ പിന്നീട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും. 2012 മുതൽ 2017 വരെ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗവും 2017 മുതൽ 2022 വരെ സെക്രട്ടറിയുമായിരുന്നു പ്രദീപ്.

ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഡിവൈ.എസ്.പിയാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന വഞ്ചിയൂർ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. നിലവിൽ 1255 നിക്ഷേപകരിൽ നിന്ന് 44.15 കോടി തിരിമറി നടത്തിയെന്നാണ് കേസ്. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ സംഘം പ്രസിഡന്റ് ഗോപിനാഥൻ, ക്ലാർക്ക് രാജീവ്, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവരാണ് പ്രതികൾ.

എന്നാൽ ഗോപിനാഥിനെയും രാജീവിനെയും ഇതുവരെയും അറസ്റ്റുചെയ്യാനായിട്ടില്ല. ഇവരുടെ പേരിലും ബന്ധുക്കളുടെ പേരിലുമുള്ള 14 വസ്‌തുവകകൾ ആദ്യഘട്ടത്തിൽ കണ്ടുകെട്ടിയിരുന്നു. ആറു വസ്‌തുക്കൾ ഉടൻ സഹകരണവകുപ്പ് കണ്ടുകെട്ടും. പ്രതികളുടെ പേരിലുള്ള കൂടുതൽ വസ്‌തുക്കൾ കണ്ടെത്തിയിട്ടുണ്ട്. സഹകരണ വകുപ്പ് നിയോഗിച്ച അന്വേഷണസംഘം പത്ത് ബാങ്കുകളിലുള്ള സംഘത്തിന്റെ അക്കൗണ്ടുകൾ പരിശോധിച്ചുതുടങ്ങി.

Advertisement
Advertisement