താൻ പ്രസിഡന്റ് ആയിരുന്നെങ്കിൽ 24 മണിക്കൂറിൽ റഷ്യ-യുക്രെയ്ൻ  യുദ്ധം അവസാനിപ്പിക്കുമായിരുന്നു; ജോ ബൈഡനെതിരെ ട്രംപ്

Thursday 02 February 2023 9:11 PM IST

വാഷിംഗ്‌ടൺ: താൻ ഇപ്പോഴും അമേരിക്കൻ പ്രസിഡന്റ് ആയിരുന്നെങ്കിൽ റഷ്യ-യുക്രെയ്ൻ യുദ്ധം നടക്കില്ലായിരുന്നുയെന്ന് ഡൊണാൾഡ് ട്രംപ്. യുദ്ധം ആരംഭിച്ച സമയത്ത് വെെറ്റ് ഹൗസിൽ താൻ ഉണ്ടായിരുന്നുവെങ്കിൽ 24 മണിക്കൂറിനുള്ളിൽ ഈ പ്രശ്നം അവസാനിപ്പിക്കാൻ തനിയ്ക്ക് സാധിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

ലിസ് ഹാരിംഗ്‌ടൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ട്രംപിന്റെ പ്രസ്താവന. നിലവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ പരോക്ഷമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്ന് വേണ്ടി അമേരിക്കൻ നിർമിത അബ്രാം ടാങ്കുകൾ അയക്കാനുള്ള ബെെഡന്റെ തീരുമാനത്തെയും ട്രംപ് വിമർശിച്ചു.

യുക്രെയ്നിലെ റഷ്യൻ അധിനിവേശം ഇപ്പോൾ 12-ാം മാസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇതുവരെ പതിനായിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും, ദശലക്ഷക്കണക്കിന് ആളുകൾ കൂട്ടപലായനം നടത്തുകയും ചെയ്തു. റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടാൻ 31 യുദ്ധ ടാങ്കുകൾ യുക്രെയ്‌‌ന് നൽകുമെന്ന് യു എസ് അറിയിച്ചിരുന്നു. യുദ്ധത്തിനെതിരെ നടത്തിയ നയതന്ത്ര ചർച്ചകൾ ഒന്നും തന്നെ ഇതുവരെ ഫലം കണ്ടിട്ടില്ല.

Advertisement
Advertisement