യന്ത്രമോ മനുഷ്യരോ കുറ്റക്കാർ?

Friday 03 February 2023 12:00 AM IST

സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ അടിക്കടിയുണ്ടാകുന്ന തകരാറുകൾ ചിലർ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്ന ഭക്ഷ്യവകുപ്പുമന്ത്രി ജി.ആർ. അനിലിന്റെ പ്രസ്താവന വെറുതേ തള്ളിക്കളയേണ്ട ഒന്നല്ല. കാരണം ഒന്നോ രണ്ടോ ദിവസങ്ങളല്ല ഇ - പോസ് യന്ത്രത്തകരാർ മൂലം റേഷൻ വിതരണം മുടങ്ങുന്നത്. കുഴപ്പം സെർവറിന്റേതാണെന്ന നിഗമനത്തിൽ ഒന്നിലേറെതവണ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതാണ്. അതിനുശേഷവും കൂടെക്കൂടെ ഇ - പോസ് മെഷീൻ പണിമുടക്കുകയാണ്.

കാർഡുടമകൾ കൂട്ടത്തോടെ എത്തി റേഷൻ വാങ്ങാൻ ശ്രമിക്കുമ്പോഴാണ് തകരാർ സംഭവിക്കുന്നതെന്ന വിചിത്രമായ വാദവും ഉയരുന്നുണ്ട്. എത്ര ആൾക്കാർ ഒന്നിച്ചെത്തിയാലും അതു നേരിടാൻ ശേഷിയുള്ളതാണ് ഇത്തരം സംവിധാനങ്ങളെന്നാണ് കേട്ടിട്ടുള്ളത്. റേഷൻകടകൾക്കു വേണ്ടിമാത്രം രൂപകല്പന ചെയ്തിട്ടുള്ള ഈ സംവിധാനം അപ്പപ്പോൾ പിണങ്ങി മുഖംതിരിച്ചു നില്‌ക്കുന്നെങ്കിൽ തീർച്ചയായും അതിനുപിന്നിൽ നിക്ഷിപ്ത താത്‌പര്യക്കാരുടെ കറുത്തകൈകൾ കാണും. റേഷൻവിതരണരംഗത്ത് പണ്ടുമുതലേ നടന്നുവരുന്ന തിരിമറികളും ക്രമക്കേടുകളും ഏവർക്കും അറിയാവുന്നതാണ്. ക്രമക്കേടുകൾ തടയാൻവേണ്ടി മാത്രം കൊണ്ടുവന്നതാണ് ഇപ്പോഴത്തെ കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനം. എന്നാൽ അതിലും നുഴഞ്ഞുകയറി കാര്യങ്ങൾ തങ്ങളുടെ ഇച്ഛക്കനുസരണമായി മാറ്റാൻ കഴിയുമെന്നാണ് അടിക്കടി ഇ - പോസ് യന്ത്രത്തിലുണ്ടാകുന്ന തകരാർ എടുത്തുകാട്ടുന്നത്. തകരാറുകൾ ബോധപൂർവം വരുത്തുന്നതാണെന്ന് വകുപ്പുമന്ത്രി തന്നെ നിയമസഭയിൽ പറയുമ്പോൾ അതിനു ശ്രമിക്കുന്നവരെ കണ്ടെത്തി നടപടി എടുക്കാനുള്ള ഉത്തരവാദിത്വം മന്ത്രിക്കുതന്നെയല്ലേ എന്ന് ആരും ചോദിച്ചുപോകും. പൊതുവിതരണ സംവിധാനം കുറ്റമറ്റ നിലയിൽ ത‌ടസമേതുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാരിനു ബാദ്ധ്യതയുണ്ട്. വിജിലൻസ് അന്വേഷണമാണ് കൂടുതൽ അഭികാമ്യം. ഒളിഞ്ഞുനിന്ന് റേഷൻ വിതരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന ശക്തികളെ വെളിച്ചത്തുകൊണ്ടുവന്നേ മതിയാവൂ. മന്ത്രിതന്നെ അതിനുള്ള നടപടികൾ സ്വീകരിക്കണം.

തൊണ്ണൂറുലക്ഷത്തോളം റേഷൻ കാർഡുകളാണ് സംസ്ഥാനത്തുള്ളത്. പതിനാലായിരത്തോളം റേഷൻ കടകളുമുണ്ട്. ഓരോ കടയും കൈകാര്യം ചെയ്യേണ്ടിവരുന്ന കാർഡുകൾ ആയിരക്കണക്കിനൊന്നുമില്ല. അനിയന്ത്രിതമായ നിലയിൽ ആളുകൾ തള്ളിക്കയറുന്നതുകൊണ്ടാണ് ഇ - പോസ് മെഷീൻ പിണങ്ങുന്നതെന്ന കണ്ടെത്തൽ ക്രമക്കേടു മറച്ചുപിടിക്കാൻ ബോധപൂർവമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. നേരായ വഴിക്കു അന്വേഷണം നടത്തിയാൽ കുഴപ്പക്കാരെ അനായാസം കണ്ടെത്താവുന്നതേയുള്ളൂ. ഐ.ടി വിദഗ്ദ്ധരുടെ സഹായവും തേടാവുന്നതാണ്. മാസാവസാനം കാർഡുടമകൾ കൂട്ടത്തോടെ എത്തുന്നതാണ് തകരാറുണ്ടാക്കുന്നതെന്ന നിഗമനം എത്രത്തോളം ശരിയാണെന്നു പറയേണ്ടത് ഈ രംഗത്തെ വിദഗ്ദ്ധരാണ്. റേഷൻകടകളിലെത്തുന്നവരുടെ എത്രയോ മടങ്ങ് ആളുകളാണ് ഓരോ ദിവസവും ബാങ്കുകളിലെത്തി ഇടപാടുകൾ നടത്തുന്നത്. ഇപ്പോഴത്തെ സംവിധാനം അപര്യാപ്തമെന്നു കണ്ടാൽ അതുമാറ്റി പുതിയ സംവിധാനം കൊണ്ടുവരാനല്ലേ നടപടി വേണ്ടത്?

സംസ്ഥാനത്ത് ഇപ്പോൾ യന്ത്രം പിണങ്ങുമെന്ന് പേടിച്ച് റേഷൻ വിതരണം രാവിലെയും ഉച്ചയ്ക്കുമായി നിയന്ത്രിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങളായി ഇതാണ് അവസ്ഥ. കുറെ ജില്ലകളിൽ റേഷൻ കടകൾ രാവിലെ മാത്രം പ്രവർത്തിക്കും. മറ്റിടങ്ങളിൽ ഉച്ചയ്ക്കുശേഷവും. രണ്ടു നേരവും പ്രവർത്തിപ്പിക്കാനാവുന്ന ഇ - പോസ് യന്ത്രവും സെർവറും സ്ഥാപിക്കാൻ സർക്കാരിനാവില്ലേ? ഐ.ടി രംഗത്ത് വൻ മുന്നേറ്റം സ്ഥാപിക്കാൻ കഴിഞ്ഞ സംസ്ഥാനത്തിന് റേഷൻകടകളിലെ ആവർത്തിക്കുന്ന ഈ സാങ്കേതിക തകരാർ മഹാനാണക്കേട് തന്നെയാണ്.