ഞെട്ടൽ മാറാതെ സജീർ

Thursday 02 February 2023 9:46 PM IST

കണ്ണൂർ:തലയിൽ കൈയും വച്ച് മോളെയെന്ന് നിലവിളിച്ചോടുന്ന വേലായുധൻ.പിറകെ നിലവിളിച്ചോടുന്ന അമ്മ ശോഭനയെയും ചെറിയമ്മ സജിനയും. പൊട്ടികരയുന്ന ഏഴുവയസുകാരി ശ്രീപാർവ്വതി .ഒപ്പം വഴിയിൽ കിടന്ന് കത്തിയമരുന്ന കാറും. കരളലിയിപ്പിക്കുന്ന ഈ കാഴ്ച്ച നേരിട്ട് കണ്ടതിന്റെ ഞെട്ടലിലും നടുക്കത്തിലുമാണ് കണ്ണൂർ കാപ്പാട് സ്വദേശി സജീർ നാലകത്ത്.

കത്തിയ കാറിന് വെറും 20 മീറ്റർ ആകലെ സ്കൂട്ടിയിൽ വരികയായിരുന്നു സജീർ.കാറിന്റെ വലതുവശത്ത് നിന്നും ടയറിന്റെ ഭാഗത്തായി തീയും പുകയുമുയരുന്നതാണ് ആദ്യം കണ്ടത്.സ്കൂട്ടി നിർത്തി കാറിന് സമീപം പോകാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും തീ ആളി പടരുകയായിരുന്നുവെന്ന് സജീർ പറഞ്ഞു.സജീർ നോക്കുമ്പോൾ പ്രജിത്തിന്റെ രണ്ട് കാലിലും തീ പടർന്നിരുന്നു.ഇതിനിടയിലും പ്രജിത്ത് പിറകിലിരിക്കുന്നവർക്ക് ഡോർ തുറന്ന് കൊടുക്കാൻ ശ്രമിക്കുകയായിരുന്നു .പിറകിലുള്ളരെല്ലാം പുറത്തിറങ്ങിയതോടെ ചുറ്റുമുള്ളവർക്ക് അടുക്കാൻ പറ്റാത്ത വിധം കാറിന് മുൻവശം തീ കത്തി പടർന്നിരുന്നു.ഇതിനിടയിൽ കാറിനുള്ളിൽ നിന്നും അച്ഛായെന്ന് വിളിച്ച് ഗ്ലാസിൽ തട്ടി അലറി വിളിക്കുന്ന റീഷയുടെ മുഖം.പിന്നാലെ മോളെയെന്ന് വിളിച്ചോടുന്ന പിതാവിന്റെ നിസ്സഹായത ഒാർക്കാൻ പോലും വയ്യെന്ന് സജീർ പറഞ്ഞു.

നിറവയറുമായുള്ള റീഷയെ പുറത്തിറക്കാൻ പ്രജിത്ത് ആവതും ശ്രമിച്ചു.എന്നാൽ ഡോർ ലോക്കായതിനാൽ എങ്ങനെയും പുറത്തിറക്കാൻ കഴിഞ്ഞില്ല.കണ്ണൂർ മാർക്കറ്റിൽ ഡെലിവറി ജോലി ചെയ്യുന്ന സജീ‌ർ ഒാ‌ർഡർ ചെയ്ത സാധനമെത്തിക്കാൻ കണ്ണൂർ സിറ്റിയിലേക്ക് പോവുകയായിരുന്നു.സജീറിനു പിറകിലുണ്ടായിരുന്ന വാനിലുണ്ടായിരുന്ന ഒരു സംഘം ആളുകളും സംഭവം കണ്ട് സ്ഥലത്ത് വാഹനം നിർത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു.പിന്നീട് തൊട്ടടുത്തുണ്ടായ ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യേഗസ്ഥരെത്തിയാണ് തീ അണച്ചത്.പക്ഷെ അപ്പോഴേക്കും ഗർഭസ്ഥ ശിശുവടക്കം റീഷയും പ്രജിത്തും മരിച്ചിരുന്നു.