കശുമാവ് ഗവേഷണ കേന്ദ്രത്തിന് അംഗീകാരം

Thursday 02 February 2023 9:51 PM IST

തൃശൂർ: കാർഷിക സർവകലാശാലയുടെ കീഴിലുള്ള മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിന് 2022ലെ മികച്ച പ്രവർത്തനത്തിനുള്ള അഖിലേന്ത്യാ ഏകോപിത കശുമാവ് ഗവേഷണ പദ്ധതിയുടെ അംഗീകാരം ലഭിച്ചു. കർണാടകയിലെ പുത്തൂരിലുള്ള കശുമാവ് ഗവേഷണ ഡയറക്ടറേറ്റിന് കീഴിലുള്ള 14 സെന്ററുകളിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. ആന്ധ്രയിലെ ഡോ.വൈ.എസ്.ആർ ഹോർട്ടിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ കശുമാവ് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.ജലജ എസ്.മേനോൻ (പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ) ഡോ.അസ്‌ന എ.സി (ബ്രീഡർ ), ഡോ.നസിയ ബീഗം (എന്റമോളജിസ്റ്റ്) എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. സങ്കര ജനുസുകളുടെ ഉത്പാദനം, വലിപ്പം കൂടിയ കശുവണ്ടിയിനങ്ങൾ, കുള്ളൻ ഇനങ്ങൾ, അണ്ടി നെയ്യില്ലാത്ത കശുമാവിനങ്ങൾ എന്നിവയുടെ താരതമ്യ പഠനം, അതിസാന്ദ്രതാ കൃഷിരീതി, കശുമാവിലെ കമ്പ് കോതലിന്റെ സാദ്ധ്യത തുടങ്ങി 15 ഗവേഷണ പദ്ധതികൾ ഈ കേന്ദ്രം നടത്തുന്നുണ്ട്.